കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്തരം ഫ്യൂ‍ഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്ന് ഹൈക്കോടതി

By Web DeskFirst Published Aug 22, 2017, 10:10 PM IST
Highlights

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് അഞ്ച് ലക്ഷം രൂപയായി തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആറ് ലക്ഷം രൂപയുടെ ബോണ്ടും വിദ്യാര്‍ത്ഥികള്‍ നല്‍കണം. പ്രവേശന നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കണം. വാദത്തിനിടെ സര്‍ക്കാരിനെയും എന്‍ട്രന്‍സ് കമ്മീഷണറെയും ഹൈക്കോടതി ശാസിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. 85 ശതമാനം എം.ബി.ബി.എസ് സീറ്റുകളില്‍ അഞ്ച് ലക്ഷം രൂപയും  എന്‍.ഐര്‍.ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയുമെന്ന സര്‍ക്കാര്‍ ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഫീസില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ മെറിറ്റില്‍ പ്രവേശനം തേടുന്ന കുട്ടികള്‍ ആറ് ലക്ഷം രൂപയുടെ ബോണ്ട് കൂടി നല്‍കണം. പ്രവേശനത്തിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോടതി പുറത്തിറക്കി. ഇതനുസരിച്ച് ഈ മാസം 24നും 26നും ഇടയില്‍ കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കണം. 27ന് എന്‍ട്രന്‍സ് പ്രവേശന കമ്മീഷണര്‍ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കണം. 29ന് വൈകീട്ട് 4 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ചേരാനുള്ള സമയം നല്‍കണം. 30, 31 തീയതികളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് സ്‌പോര്‍ട് അലോട്ട്മെന്‍റ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

വാദത്തിനിടെ സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്ഥാനത്ത് നിന്ന് ആരും ചിന്തിക്കുന്നില്ല. സര്‍ക്കാര്‍ മാനേജുമെന്റുകളുടെ കൈയ്യിലെ കളിപ്പാവയായി മാറി. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്തരം ഫ്യൂ‍ഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍  മാനേജ്മെന്റുകളെ സഹായിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സെപ്റ്റംബര്‍ 13ന് കേസ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. ഫീസ് നിശ്ചയിച്ച രാജേന്ദ്രബാബു കമ്മീഷന്റെ ഭരണഘടനാ സാധുതയും ഫീസ് ഘടനയും കോടതി അന്ന് പരിഗണിക്കും.

 

click me!