മധുവിന്റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുക്കും

By Web DeskFirst Published Feb 27, 2018, 11:58 PM IST
Highlights
  • അരിയടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ മോഷ്ടിച്ച യുവാവിന് തല്ലിക്കൊന്ന സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവുമാണ്

കൊച്ചി: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുക്കും. പരിഷ്‌കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്ന മധുവിന്റെ കൊലപാതകത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെല്‍സയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുതാല്‍പര്യഹര്‍ജിയായി പരിഗണിച്ച് കേസെടുക്കാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അരിയടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ മോഷ്ടിച്ച യുവാവിന് തല്ലിക്കൊന്ന സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവുമാണ്. സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന മലയാളികള്‍ക്ക് നാണക്കേടാണ് ഈ സംഭവം. നിരവധി സാമൂഹികക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ആദിവാസികള്‍ക്കായി നടപ്പാക്കുന്നുണ്ട്, ഇതുകൂടാതെ സന്നദ്ധസംഘടനകളുമായി സഹകരിച്ചും അനവധി ക്ഷേമ പദ്ധതികളുണ്ട്. എന്നിട്ടും ഒരു നേരത്തെ ഭക്ഷണത്തിനായി ആദിവാസിക്ക് ഭക്ഷണം മോഷ്ടിക്കേണ്ടി വന്നെങ്കില്‍ അത് സര്‍ക്കാര്‍ പദ്ധതികളുടെ പരാജയമാണ് കാണിക്കുന്നതെന്ന് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
 

click me!