അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഹിലരി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി

By Web DeskFirst Published Jun 7, 2016, 6:11 AM IST
Highlights

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകും. 2,383 ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹിലരി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍ണ്ണായക നാഴികക്കല്ലെന്നായിരുന്നു ഹിലരിയുടെ പ്രതികരണം.  പ്യൂട്ടോറിക്കയിലെ പ്രൈമറിയിലെ മിന്നും ജയത്തോടെയാണ് എതിരാളികളെ പിന്നിലാക്കി ഹിലരി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നത്.

എപി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ലോംഗ് ബീച്ചിലെ റാലിയില്‍ പങ്കെടുക്കുകയായിരുന്നു ഹിലരി. എന്നാല്‍ ജൂലൈയില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പിച്ചാലേ, ഹിലരി വിജയിച്ചെന്ന് പറയാനാകൂവെന്നായിരുന്നു തൊട്ടടുത്ത എതിരാളി ബേണി സാന്‍ഡേഴ്‌സന്റെ പ്രതികരണം. പിന്തള്ളപ്പെട്ടെങ്കിലും ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന്‍ വരെ മത്സര രംഗത്ത് തുടരുമെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. 1569 പേരുടെ പിന്തുണയാണ് സാന്‍ഡേഴ്‌സിന് ഇപ്പോഴുള്ളത്. എന്നാല്‍, കണ്‍വെന്‍ഷനില്‍ വോട്ടുചെയ്യുന്ന 571 സൂപ്പര്‍ ഡെലിഗേറ്റുകള്‍ ഹിലരിക്കുള്ള പിന്തുണ നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1238 പേരുടെ പിന്തുണ ഉറപ്പിച്ചാണ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായത്.  ഇന്ന് നടക്കുന്ന കാലിഫോര്‍ണി, മൊണ്ടാന, ന്യൂ മെക്സിക്കോ, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, ന്യൂജേഴ്സി പ്രൈമറികള്‍ കൂടി കഴിയുമ്പോള്‍ ഹിലരിയുടെ മുന്നേറ്റത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകും.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വനിതാസ്ഥാനാര്‍ത്ഥിയെന്ന നേട്ടവും ഇനി ഹിലരിക്ക് മാത്രം സ്വന്തം. 1789ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് വാഷിംഗ്ടണ്‍ മുതല്‍ ബരാക് ഒബാമ വരെ 44 പുരുഷന്‍മാര്‍ ഭരിച്ച അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി, പ്രഥമവനിതയും സെനറ്ററും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്ന ഹിലരി ക്ലിന്റണ്‍ എത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നവംബര്‍ 8നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

click me!