ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുൻ പാണ്ഡെയെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Feb 6, 2019, 10:38 AM IST
Highlights

സംഭവത്തിനുശേഷം ഒളിവിൽ പോയ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് അറസ്റ്റിലായത്. ചൊവാഴ്ച അലിഘഡിലെ തപ്പാലിൽ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. കേസിൽ പൂജ പാണ്ഡെയുടെ ഭർത്താവ് ശകുൻ പാണ്ഡെയെയും പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. 

അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍. സംഭവത്തിനുശേഷം ഒളിവിൽ പോയ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് അറസ്റ്റിലായത്. ചൊവാഴ്ച അലിഘഡിലെ തപ്പാലിൽ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. കേസിൽ പൂജ പാണ്ഡെയുടെ ഭർത്താവ് ശകുൻ പാണ്ഡെയെയും പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. 

മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിലാണ് ഹിന്ദുമഹാസഭ പ്രവർത്തകർ ഗാന്ധി കോലത്തിന് നേരെ വെടിയുതിർത്തത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്.

ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിർത്തതിന് പിന്നാലെ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ പ്രവർത്തകർ ഹാരാർപ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവർത്തകർ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കേസിൽ കണ്ടാലറിയുന്ന 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ വീഡിയോയിൽ കാണുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി പറഞ്ഞു. അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ശൗര്യ ദിവസ് എന്ന പേരിൽ ഹിന്ദു മഹാസഭ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാൽ ഗാന്ധിയുടെ രക്തസാക്ഷിത്വം അതേപടി അവതരിപ്പിച്ചുള്ള ആഘോഷം ഇതാദ്യമായാണ്. 
 

click me!