എച്ച്ഐവി ബാധിച്ച സെെനികന്‍ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി കേസ്

By Web TeamFirst Published Nov 10, 2018, 3:31 PM IST
Highlights

18 വയസില്‍ താഴെയുള്ള എഴുപതിലേറെ ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡേറ്റിംഗ് ആപ്പിലൂടെയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ 13 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളെ വശത്താക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്

ബാങ്കോക്ക്: എഴുപതിലേറെ ആണ്‍കുട്ടികളെ ലെെംഗികമായി പീഡിപ്പിച്ച എച്ച്ഐവി ബാധിതനായ സെെനികനെ അറസ്റ്റ് ചെയ്തു. ഉത്തര കിഴക്കന്‍ തായ്‍ലാന്‍ഡിലാണ് സംഭവം. തായ്‍ലാന്‍ഡ് സെെന്യത്തിലെ സെര്‍ജന്‍റായ ജക്രിത് ഖോംസിനെ (43) ആണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. 18 വയസില്‍ താഴെയുള്ള എഴുപതിലേറെ ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഡേറ്റിംഗ് ആപ്പിലൂടെയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും 13 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളെ വശത്താക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇവരെ വിശ്വസിപ്പിച്ച് നഗ്ന ഫോട്ടോകള്‍ കെെമാറിയ ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു ഇയാളുടെ രീതി.

നഗ്ന ചിത്രങ്ങള്‍ പരസ്യമാക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ഇതിനിടെ ചില കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് സെെനികന്‍ കുടുങ്ങിയത്. പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ എച്ച്ഐവി ബാധിതര്‍ കഴിക്കുന്നവയാണെന്ന സംശയം പൊലീസിനുണ്ടായി.

ഇതോടെ പരിശോധന നടത്തിയപ്പോള്‍ പ്രതി എച്ച്ഐവി ബാധിതനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് എച്ച്ഐവി ബാധ കുട്ടികളിലേക്ക് പകര്‍ന്നിട്ടുണ്ടോയെന്ന സംശയം ഇപ്പോള്‍ പൊലീസിനുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതടക്കമുള്ള കുറ്റങ്ങളാണ് ഇപ്പോള്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.  

click me!