
നല്‍ഗോണ്ട: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. ബീഹാറില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത്. ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികൾ കൊലപാതകം നടത്തുന്നതിനായി ഉറപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുകൂടാതെ കൊട്ടേഷൻ സംഘത്തിന് പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ബന്ധമുള്ളതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു.
2018 ജനുവരിയിലാണ് പെരുമല്ല പ്രണയ് കുമാറും അമൃതവര്‍ഷിണി റാവുവും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അതുകൊണ്ടുതന്നെ അമൃതവര്‍ഷിണിയുടെ കുടുംബത്തിന്റെ ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം പ്രണയിയുടെ കൊലപാതകത്തിന് കാരണക്കാർ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ പിതാവ് മാരുതി റാവുവും അമ്മാവനുമാണെന്ന് അമൃതവർഷിണി ആദ്യം മുതൽ ആരോപിച്ചിരുന്നു. ഗര്‍ഭിണിയായ തന്നോട് കുഞ്ഞിനെ ഇല്ലാതാക്കാൻ പിതാവ് ആവശ്യപ്പെട്ടിരുന്നതായും അമൃതവര്‍ഷിണി പറഞ്ഞു. എന്നാൽ തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നും, പ്രണയിയുടെ കുഞ്ഞാണ് ഇനി എനിക്കെല്ലാമെന്നും അമൃതവര്‍ഷിണി കൂട്ടിച്ചേർത്തു.
കൊലപാതകം നടത്തുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്താണ് ബീഹാറില്‍ നിന്ന് കൊലയാളി സംഘത്തെ വാടകയ്ക്കെടുത്തത്. കൃത്യം നടത്തുന്നതിന് മുമ്പ് 18 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഉന്നത സ്വാധീനവും പിടിപാടുമുള്ള റിയല്‍എസ്റ്റേറ്റ് ഇടപാടുകാരനാണ് അമൃതവർഷിണിയുടെ പിതാവ് മാരുതി റാവു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രണയ് കുമാറിനെ അമൃതവര്‍ഷിണിയുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഗർഭിണിയായ അമൃതവര്‍ഷിണിക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു കൊലപാതകം. ശരീരത്തിൽ ആഴത്തിലുള്ള വെട്ടേറ്റതിനാൽ സംഭവസ്ഥലത്തു വച്ചു തന്നെ പ്രണയ് മരിച്ചു.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയിയും അമൃതവര്‍ഷിണിയും അടുപ്പത്തിലായിരുന്നു. തുടർന്ന് മാരുതി റാവുവിന്റെയും ബന്ധുക്കളുടെയും എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. മെയ് മാസത്തില്‍ ഇരുവരെയും മാരുതി റാവു വീട്ടിലേക്ക് ക്ഷണിക്കുകയും വിവാഹ സൽക്കാരം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ അമൃതവര്‍ഷിണി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് മാരുതി റാവുവിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam