
വയനാട്: ബത്തേരിയിലും അശാസ്ത്രീയമായി ആശുപത്രി മാലിന്യങ്ങളുടെ സംസ്‌കരണം. ബത്തേരി താലൂക്കാശുപത്രിയിലാണ് തുറസ്സായ സ്ഥലത്ത് ആശുപത്രി മാലിന്യങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്.
ആശുപത്രിക്കായി എടുത്ത പുതിയ കെട്ടിടത്തിന്റെ പുറകിലായാണ് ഇവ കത്തിക്കുന്നത്. ആശുപത്രി മാലിന്യങ്ങളെ ഇത്തരത്തില്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് രോഗഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരം വിഷയങ്ങളില്‍ പൊതുജനത്തെ അവബോധം നല്‍കി തിരുത്തേണ്ടവര്‍ തന്നെയാണ് തെറ്റ് ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവയാണ് കത്തിക്കുന്നതെന്നും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും രോഗികളും പറയുന്നു. രാത്രിയും പകലുമെല്ലാം മാലിന്യം കത്തിക്കാനായി തീയിടുന്നതോടെ ആശുപത്രി പരിസരമാകെ പുക കൊണ്ട് മൂടാറാണ് പതിവെന്നും ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ മാലിന്യ സംസ്‌കരണത്തിന് കൃത്യമായ സംവിധാനങ്ങളില്ലാത്തതിനാലാണ് ഇത് ചെയ്യുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആശുപത്രിയില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നിലവില്‍ ഐ.എം.എയുടെ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും മറ്റുതരത്തിലുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്. മുമ്പ് ആശുപത്രി മാലിന്യങ്ങള്‍ നഗരസഭയ്ക്ക് കൈമാറുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ നഗരസഭ മാലിന്യം എടുക്കുന്നത് നിര്‍ത്തിയതാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നഗരസഭയുടെ കരിവള്ളിക്കുന്ന് പ്ലാന്റിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത് നഗരസഭ മാലിന്യമെടുക്കുന്നത് നിര്‍ത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam