
തിരുവനന്തപുരം: ശബരിമലയിൽ എത്തിയതെന്ന പേരിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയിൽ അവ്യക്തത. കേരളത്തിൽ നിന്നുള്ള ആരും പട്ടികയിലില്ല. പലരുടെയും പ്രായം അമ്പതിനു മുകളിലാണെന്നും സംശയമുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്തെത്തിയ ഇതരസംസ്ഥാനക്കാരായ സ്ത്രീകളുടെ പേര് മാത്രമാണ് പട്ടികയിലുള്ളത്.
പട്ടികയിലെ ആദ്യപേരുകാരി പദ്മാവതിയാണ്. പട്ടികയിലെ ഐഡി കാർഡ് നമ്പർ അനുസരിച്ച് പദ്മാവതി ദസരി എന്ന അവരുടെ തിരിച്ചറിയൽ രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വോട്ടേഴ്സ് ഐഡിയാണ് പദ്മാവതി തിരിച്ചറിയൽ രേഖയായി നൽകിയിരിക്കുന്നത്. ആ ഐഡി പ്രകാരം അവർക്ക് 55 വയസ്സുണ്ട്. പക്ഷേ, സർക്കാരിന്റെ പട്ടികയിൽ അവർക്ക് 48 വയസ്സ് മാത്രമേയുള്ളൂ.
സർക്കാർ നൽകിയ പട്ടികയിലെ ചില പേരുകാരുടെ കുടുംബാംഗങ്ങളുമായും ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചു. ആന്ധ്ര സ്വദേശിനി സുലോചനയുടെ മകൻ വെങ്കട്ടുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അമ്മയ്ക്ക് 53 വയസ്സുണ്ടെന്നും വിർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് ബുക്ക് ചെയ്തതെന്നുമാണ്.
ഓൺലൈനായി ബുക്ക് ചെയ്തവരുടെ പട്ടികയിലുള്ള ഈ പൊരുത്തക്കേടുകൾ കോടതിയിൽ ഉന്നയിക്കപ്പെട്ടാൽ അത് സർക്കാരിന് തലവേദനയാകും. തെറ്റായ വിവരം നൽകിയെന്ന് തെളിഞ്ഞാൽ അതും കോടതിയിൽ സർക്കാരിന് തിരിച്ചടിയാണ്. എന്നാൽ വന്ന സ്ത്രീകളുടെ പ്രായം പരിശോധിച്ചിട്ടില്ലെന്നും പുതിയ സുപ്രീംകോടതി വിധി അനുസരിച്ച് യുവതികളുടെ പ്രായം പരിശോധിക്കേണ്ടതില്ലെന്നും ഓൺലൈനിൽ അവർ നൽകിയ പ്രായം പരിശോധിക്കാതെ അതേപടി പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും കോടതിയിൽ സർക്കാരിന് വാദിക്കാനാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam