
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ വൻ പൊലീസ് സന്നാഹം. തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തി. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡി.ഐ.ജി മുതല്‍ അഡീഷണല്‍ ഡി.ജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്.
ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ 9497990033 എന്ന നമ്പറിൽ വിളിക്കണം. ആവശ്യമുള്ളവർക്കല്ലാം സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ഡിവൈഎസ്‍പിയുടെ ഓഫീസ് അറിയിച്ചു.
ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍റോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍റോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്‍റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലീസിന്‍റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.
റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്‍റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫി ന്‍റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്പെക്ടറും രണ്ട് വനിതാ സബ്ബ് ഇന്‍സ്പെക്ടര്‍മാരും 30 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പോലീസിന്‍റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്.പി, എ.എസ്.പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും. ഡി.വൈ.എസ്.പി തലത്തില്‍ 113 പേരും ഇന്‍സ്പെക്ടര്‍ തലത്തില്‍ 359 പേരും എസ്.ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. 12,562 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സി.ഐ, എസ്.ഐ തലത്തിലുളള 60 പേരെയും, 860 വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍/ സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 349 പേരും സി.ഐ തലത്തില്‍ 82 പേരും ഡി.വൈ.എസ്.പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്.
ഇവരെക്കൂടാതെ, എസ്.ഐ തലത്തില്‍ 312 പേരും സി.ഐ തലത്തില്‍ 92 പേരും ഡി.വൈ.എസ്.പി തലത്തില്‍ 26 പേരും ചുമതലകള്‍ നിര്‍വഹിക്കും. ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 389 പേരും സി.ഐ തലത്തില്‍ 90 പേരും ഡി.വൈ.എസ്.പി തലത്തില്‍ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 400 പേരും സി.ഐ തലത്തില്‍ 95 പേരും ഡി.വൈ.എസ്.പി തലത്തില്‍ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam