
തിരുവനന്തപുരം; വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങ് തടയാന്‍ ദേവസ്വം മന്ത്രി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ആളുകളുടെ രക്തം എടുത്ത് അതില്‍ ദേവീവിഗ്രഹത്തെ കുളിപ്പിക്കുന്ന ഈ ചടങ്ങിനെപ്പറ്റി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യത്വവിരുദ്ധമായ ഈ ആചാരത്തിനെതിരെ നടപടിയെടുക്കുമെന്ന കാര്യം ദേവസ്വം മന്ത്രി പ്രഖ്യാപിച്ചത്.
മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന പ്രാകൃതമായ ഈ ആചാരം ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തിനാകെ അപമാനമാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. നരബലിയും മൃഗബലിയും പോലുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തില്‍ അസംബന്ധ ആചാരങ്ങളുടെ തിരിച്ചു വരവിനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സിറിഞ്ച് വഴി രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളീവിഗ്രഹം കുളിപ്പിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള നോട്ടീസില്‍ ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പ്രാകൃതവും മനുഷ്യത്വരഹിതവുമായ ഈ പ്രവൃത്തി എന്തു വില കൊടുത്തും തടയണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അനാചാരത്തിന് ഒരു വര്‍ഗ്ഗീയ സംഘടനയുടെ പിന്തുണയുണ്ടെന്നാണ് വിവരമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കുന്നു.
ദേവസ്വംമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്....
മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാനാകുന്നതല്ല. തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്.
സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് പോര്‍ട്ടല്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്ട്ട് ചെയ്തിട്ടുമുണ്ട്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രാകൃതമായ അനാചാരങ്ങള്‍ മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam