ആദ്യ കൺമണിയെ കാണാതെ അവൾ വിട പറഞ്ഞു; പ്രണയ ദിനത്തില്‍ ഭാര്യയുടെ അവയവങ്ങൾ ദാനം ചെയ്ത് യുവാവ്

By Web TeamFirst Published Feb 15, 2019, 3:18 PM IST
Highlights

കാത്തിരുന്ന കണ്‍മണിയെ പ്രസവിച്ചതിന് പിന്നാലെ പ്രണയദിനമായ ഫെബ്രുവരി 14ന് പുലര്‍ച്ചെ കോകില ഈ ലോകത്തോട് വിട പറഞ്ഞു.

വെല്ലൂര്‍: ആദ്യ കണ്‍മണിയെ കാണാനാകാതെ ഭാര്യ ലോകത്തോട് വിട പറഞ്ഞു, ആ വേദനയില്‍ ഉഴറുമ്പോഴും ഭാര്യയുടെ അവയവങ്ങള്‍ പ്രണയദിനത്തില്‍ ദാനം ചെയ്ത് യുവാവ്. തമിഴ്നാട്ടിലെ ഡൂടല്ലൂര്‍ സ്വദേശി ഗൗതം രാജാണ് ഭാര്യ കോകിലയുടെ അവയവങ്ങള്‍ പ്രണയ ദിനത്തില്‍ ദാനം ചെയ്തത്. ഗര്‍ഭിണി ആയപ്പോള്‍ തന്നെ ഭാരക്കുറവ് മൂലം വളരെയധികം യാതനകള്‍ കോകില സഹിച്ചിരുന്നു. ഡോക്ടര്‍മാര്‍ പ്രവചിച്ച തീയതിക്ക് മുന്നേ കോകില ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. കാത്തിരുന്ന കണ്‍മണിയെ പ്രസവിച്ചതിന് പിന്നാലെ പ്രണയദിനമായ ഫെബ്രുവരി 14ന്  പുലര്‍ച്ചെ കോകില ഈ ലോകത്തോട് വിട പറഞ്ഞു.

ഭാര്യയെ നഷ്ടപ്പെട്ടെങ്കിലും അവളുടെ ഓര്‍മ്മകള്‍ എന്നും നില നില്‍ക്കാന്‍ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ  ജീവിക്കണമെന്ന് ഗൗതം തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് കോകിലയുടെ ആ​രോ​ഗ്യനില വളരെ മോശമാകുകയും ചുഴലി പോലെ അനുഭവപ്പെടാനും തുടങ്ങി. ഉടൻ തന്നെ ഡോക്ടര്‍മാർ അവശ്യമായ മരുന്നുകൾ  നൽകിയെങ്കിലും ഓരോ മിനിട്ട് കഴിയുന്തോറും അവരുടെ ആ​രോ​ഗ്യ നില കൂടുതൽ വഷളായി. ഒടുവിൽ കോകിലയെ പ്രസവ മുറിയിലേയ്ക്ക് മാറ്റുകയും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. 

എന്നാൽ പ്രസവ ശേഷം അബോധാവസ്ഥയിലായ കോകിലക്ക് സെറിബ്രല്‍ ഹെമറേജ്  സംഭവിച്ച് മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 3.37 ഓടെയാണ് കോകിലയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.  ഹൃദയം നുറുങ്ങുന്ന വേദനയിലും  കോകിലയുടെ അവയവങ്ങൾ ദാനം ചെയ്യാന്‍ ഗൗതം രാജ് ആശുപത്രി അധികൃതര്‍ക്ക് അനുവാദം കൊടുത്തു.

കോകിലയുടെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയ്ക്കും, കരളും കണ്ണുകളും സിഎംസി ആശുപത്രിയിലെ രോ​ഗികൾക്കായും കൈമാറിയിട്ടുണ്ട്  കഴിഞ്ഞ വര്‍ഷം മെയ് മാസം  ആണ്  ഗൗതം രാജും, കോകിലയും വിവാഹാതിരായത്. പെൺകുഞ്ഞിനാണ് കോകില ജന്മം നൽകിയത്. എന്നാൽ ബലക്കുറവ് കാരണം കുഞ്ഞിനെ ഇൻ​ക്യുബേറ്ററിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
 

click me!