
ഹൈദരാബാദ്: നാല് വയസുകാരിക്ക് നേരിടേണ്ടി വന്ന കടുത്ത പീഡനത്തിന്‍റെ ഞെട്ടലിലാണ് ഹൈദരാബാദിലെ സന്നദ്ധ പ്രവര്‍ത്തകര്‍. അമ്മയും അമ്മയുടെ പങ്കാളിയും ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നത്.
താന്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങള്‍ നാല് വയസ്സുകാരി തന്നെ വെളിപ്പെടുത്തി. വീട്ടിലെ പീഡനത്തില്‍ നിന്നും തന്നെ രക്ഷിച്ച സന്നദ്ധപ്രവർത്തകരോടാണ് കുട്ടി കൊടും ക്രൂരത വെളിപ്പെടുത്തിയത്. ഡാഡിയെന്ന വിളിക്കുന്ന അമ്മയുടെ പങ്കാളിയാണ് തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചതെന്ന് കുട്ടി വ്യക്തമാക്കി.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡാഡി ചൂടാക്കിയ സ്പൂണ്‍ ഉപയോഗിച്ച് തന്റെ ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചു. ആദ്യം തന്നെ മര്‍ദ്ദിക്കുകയാണ് അച്ഛന്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ചൂടുള്ള സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും കുട്ടി നിറകണ്ണുകളോടെ പറഞ്ഞു.
കുഞ്ഞിനെ വീട്ടുകാര്‍ പീഡിപ്പിക്കുന്ന വിവരം സമീപവാസികള്‍ പ്രദേശത്തെ രാഷ്ട്രീയ നേതാവായ അച്ചുതറാവുവിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം ഉടൻ തന്നെ വിവരം എന്‍ജിഒയില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ വീട്ടിലെത്തി കുഞ്ഞിനെ രക്ഷിക്കുകയും സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
കുട്ടിയുടെ അമ്മയ്ക്കും പങ്കാളിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് 25 കാരി ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവിനോടൊപ്പം ജീവിക്കാൻ തുടങ്ങിയത്. അന്ന് മുതൽ കുട്ടിയെ ഇരുവരും നിരന്തരം ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് അയൽ വാസികൾ പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam