
ദില്ലി: കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ താന്‍ നിരപരാധിയാണെന്ന് ജലന്ദര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. താന്‍ നിരപരാധിയാണ്. എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതവും തെറ്റുമാണ്. ഇത് കെട്ടിച്ചമച്ചതാണ്. ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ബൈബിള്‍ തൊട്ട് പറയാന്‍ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു. റിപ്പബ്ലിക് ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാങ്കോയുടെ പ്രതികരണം.
തനിക്കെതിരായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്യപ്പെടാനും ജയിലില്‍ പോകാനും തയ്യാറാണെന്നും ഫ്രാങ്കോ വ്യക്തമാക്കി.
''ഞാന്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ എനിക്ക് മരണ ശിക്ഷ വിധിച്ചോളു. നിയപരമായി ഒരു സ്ത്രീയുടെ മൊഴി നൂറു ശതമാനവും തെളിവാണ്. അറസ്റ്റ് സംഭവിക്കുന്നത് പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ്. തെളിവുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടേ. തെറ്റ് കാരനെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കട്ടേ '' - ബിഷപ്പ് പ്രതികരിച്ചു
താന്‍ അവിടെ ഉണ്ടായിരുന്നുവെന്നത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പീഡനം നടന്നുവെന്ന് ഉറപ്പിക്കാനാകൂ. ഇതിന് പൊലീസിന് റെജിസ്റ്റര്‍ ബുക്ക് പരിശോധിക്കാം. റെജിസ്റ്റര്‍ ബുക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്. 2014 മെയ് 5 ലെ റെജിസ്റ്റര്‍ ബുക്ക് പ്രകാരം രണ്ട് സിസ്റ്റര്‍മാര്‍ ഒരു പരിപാടിയ്ക്ക് പുറത്ത് പോകുകയും തനിക്കൊപ്പം തിരിച്ചുവന്നുവെന്നുമാണ് പറയുന്നത്. അല്ലാതെ താന്‍ അവിടെ താമസിച്ചുവെന്ന് പറയുന്നില്ല. കാരണം താന്‍ അവിടെ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു.
താന്‍ എട്ടോ ഒന്പതോ തവണ രാത്രി അവിടെ താമസിച്ചിട്ടുണ്ട്. എന്നാല്‍ 13 തവണ എന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. അതില്‍ തന്നെ വൈരുദ്ധ്യമുണ്ട്. കന്യാസ്ത്രീയ്ക്ക് തന്‍റെ ഭര്‍ത്താവുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ജലന്ധറിലെ ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ അന്ന് മദര്‍ ജെനറല്‍ ആയിരുന്നു. ആറ് വര്‍ഷം അവര്‍ മദര്‍ ജെനറലായി തുടര്‍ന്നു. പിന്നീടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. അതോടെ കന്യാസ്ത്രീയും അവരുടെ സംഘവും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ മദര്‍ ജെനറലിനെതിരെ തിരിഞ്ഞു. ഇത് ശക്തമായ കലഹത്തിലേക്ക് നയിച്ചു.
കന്യാസ്ത്രീകള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അതില്‍ തനിക്ക് ഒന്നും പറയാനില്ല. താന്‍ പഞ്ചാബിലാണ്. കേരളത്തില്‍ നടക്കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തി വരുന്ന സമരത്തോട് ബിഷപ്പ് പ്രതികരിച്ചു. ഏറെ നാളത്തെ മൗനത്തിനൊടുവിലാണ് കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam