
ദില്ലി: പത്തു മിനുട്ട് നേരം ഒരു വേദിയിൽ നിന്ന് തന്നോട് നേർക്കുനേർ സംസാരിക്കാൻ നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്നും മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിൽ സംഘടിപ്പിച്ച കോൺഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്‍റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചത്.
ബിജെപി കരുതുന്നത് അവർ ഇന്ത്യയേക്കാൾ വലുത് ആണെന്നാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ബിജെപിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് റിമോട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്‍റെ സ്വന്തമാണ്. എന്നാൽ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നില്ല, രാഹുൽ ഗാന്ധി പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് പൗരൻമാരുടെ ഉത്തരവാദിത്തമാണ്. രാജ്യമാണ് ബിജെപിയേക്കാൾ വലുതെന്ന് അവർക്ക് ബോധ്യപ്പെടും. നരേന്ദ്രമോദിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ വോട്ടര്‍മാർ കോൺഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam