ഒമാനില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

By Web DeskFirst Published Mar 29, 2018, 11:33 PM IST
Highlights
  • 2013-ല്‍ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും 59,000 വിസകളാണ് അനുവദിച്ചിരുന്നത്, 2017-ഓടെ അനുവദിച്ച വിസകളുടെഎണ്ണം  1,01,578 ആയി ഉയര്‍ന്നു.

മസ്‌കറ്റ്: ഇലക്ട്രോണിക് വിസ സംവിധാനം നിലവില്‍ വന്നതോടെ ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള  സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നതായി അധികൃതര്‍. കഴിഞ്ഞ നാല് വര്‍ഷത്തില്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും അനുവദിച്ച  വിസയില്‍  72 %  വര്‍ദ്ധനവുണ്ടായതായി സ്ഥാനപതി  ഇന്ദ്രമണി പാണ്ഡേ പറഞ്ഞു. വിനോദ  സഞ്ചാര മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും ധാരാളം സാധ്യതകള്‍  ഉണ്ടെന്ന് ഒമാന്‍ വിനോദ സഞ്ചാര മന്ത്രാലയം അധികൃതരും ചൂണ്ടിക്കാണിക്കുന്നു. 

2013-ല്‍ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും 59,000 വിസകളാണ് അനുവദിച്ചിരുന്നത്, 2017-ഓടെ അനുവദിച്ച വിസകളുടെഎണ്ണം  1,01,578 ആയി ഉയര്‍ന്നു. ഇതില്‍ 35,920 വിസകളും ഇലക്ട്രോണിക് വിസ സംവിധാനത്തിലൂടെ ആണ് അനുവദിക്കപ്പെട്ടത്. ഇന്ത്യയുടെ വിനോദ സഞ്ചാര  രംഗത്തെ  സാധ്യതകള്‍  പരിചയപ്പെടുത്തുവാന്‍  മസ്‌കറ്റ് ഇന്ത്യന്‍  എംബസ്സിയില്‍ നടത്തിയ  റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു സ്ഥാനപതി ഇന്ദ്രമണി .

ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒമാനിലെ ഇന്ത്യന്‍  സമൂഹത്തിനു വലിയ സംഭാവന ചെയ്യുവാന്‍ കഴിയുമെന്നും,ഇന്ത്യയില്‍  നിന്നും ധാരാളം  സഞ്ചാരികള്‍ ഒമാനിലേക്ക് എത്തുന്നുവെന്നും ഒമാന്‍ വിനോദസഞ്ചാരമന്ത്രാലയ ഡയറക്ടര്‍ മുഹമ്മദ് അല്‍ റിയാമി  പറഞ്ഞു.

27405  സീറ്റുകള്‍ ഉള്‍കൊള്ളിച്ചുകൊണ്ടു പ്രതിവാരം 250 വിമാനസര്‍വീസുകളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ളതെന്നും മുഹമ്മദ് അല്‍റിയാമി പറഞ്ഞു. ഒമാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍,ട്രാവല്‍ ഏജന്റുമാര്‍,എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരും റോഡ്‌ഷോയില്‍ പങ്കെടുത്തു.
 

click me!