ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു; മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By Web TeamFirst Published Aug 11, 2018, 10:02 AM IST
Highlights

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത് ആശങ്കകള്‍ക്ക് നേരിയ ആശ്വാസമായി. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 13 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. നിലവില്‍ 2401 അടിയാണ് ജലനിരപ്പ്. രാവിലെ ഇത് 2401.10 അടിയായിരുന്നു. ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് മഴകുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് കുറയാന്‍ സഹായകമായത്. ഷട്ടർ തുറന്നതിന് ശേഷം ആദ്യമായാണ് ജലനിരപ്പ് കുറയുന്നത്.  ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകൾ താഴ്ത്തില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഷട്ടറുകള്‍ താഴ്ത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പലയിടത്തും മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത് ആശങ്കകള്‍ക്ക് നേരിയ ആശ്വാസമായി. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 13 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളും നാളെ മഴ വിമുക്തമാകില്ല. എന്നാല്‍ ഇവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അല്‍പം കൂടി ഗൗരവം കുറഞ്ഞ മഴയായിരിക്കും തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ലഭിക്കുക. കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇപ്പോഴും ജാഗ്രത തുടരണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും മുന്നറിയിപ്പ്. 

പെരിയാറിന്‍റെ തീരത്തുള്ളവർ അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂതത്താൻകെട്ടിലും ജലനിരപ്പ് കുറയുന്നുണ്ട്. കക്കി ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാല്‍  തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പമ്പ ഡാമിലെ  ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു.   രണ്ടടി വരെ തുറന്ന  ഷട്ടറുകൾ  കാൽ അടിയായി കുറച്ചിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതോടെ ആനത്തോട് ഡാമിന്റെ ഷട്ടർ ഒരടി തുറന്നിരുന്നത് അര അടിയാക്കി കുറച്ചു.

ഇന്നത്തെ അവസ്ഥ ഒറ്റനോട്ടത്തില്‍ ...

  • മുഖ്യമന്ത്രി വയനാട്ടിലെത്തി
  • ജലനിരപ്പ് കുറയുന്നു
  • ഇടുക്കിയിൽ ജലനിരപ്പ് 2401 അടിയായി
  • 16 മണിക്കൂറിനിടയിൽ 0.76 അടി കുറഞ്ഞു
  • വൃഷ്ടിപ്രദേശത്തെ നീരൊഴുക്കും മഴയും കുറഞ്ഞു
  • മുഖ്യമന്ത്രി പ്രളയമേഖലകളിലേക്ക്
  • മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ ഇറങ്ങാനായില്ല
  • മോശം കാലാവസ്ഥ കാരണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് കട്ടപ്പനയിൽ ഇറങ്ങാനായില്ല
  • ഇടുക്കിയിൽ വൈദ്യുതമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരുന്നു
  • ഇടമലയാറിലും ഭൂതത്താൻകെട്ടിലും ജലനിരപ്പ് കുറയുന്നു
  • പമ്പ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു, കക്കി അണക്കെട്ടിന്‍റെ ഷട്ടറുകൾ അരയടിയായി താഴ്ത്തി
  • തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികൾ മരിച്ചു
  • കാരമൽ ലാസർ,സഹായ രാജ് എന്നിവരാണ് മരിച്ചത്
  • വയനാട് ചുരത്തിൽ അപകടാവസ്ഥയിലായ ഹോട്ടൽ പൊളിക്കാൻ നിർദേശം
  • രണ്ടാംവളവിലുള്ള മൂന്ന് നില കെട്ടിടം പൊളിക്കാൻ ഉടമയ്ക്ക് നോട്ടീസ് നൽകും
  • വയനാട്ടിൽ കബനി നദി കരകവിഞ്ഞൊഴുകുന്നു
  • മൈസൂർ വയനാട് പാതയിൽ ഗതാഗതം തടസപ്പെട്ടു, വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു
  • എറണാകുളത്ത് പ്രളയഭീതി ഒഴിയുന്നു
  • പെരിയാറിലെ ജലനിരപ്പ് ഉയരുന്നില്ല
  • നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണനിലയിൽ 
click me!