ദുരന്തം മറന്ന് ബാണാസുരയില്‍ അനധികൃത മീന്‍പിടുത്തവും നായാട്ടും സജീവം

Web Desk |  
Published : Apr 20, 2018, 09:00 AM ISTUpdated : Jun 08, 2018, 05:47 PM IST
ദുരന്തം മറന്ന് ബാണാസുരയില്‍ അനധികൃത മീന്‍പിടുത്തവും നായാട്ടും സജീവം

Synopsis

രാത്രിയില്‍ മൂന്നംഗ സംഘത്തിന്റെ തോണി മറിഞ്ഞു

വയനാട്: അനധികൃത മീന്‍പിടുത്തത്തിനിടെ കുട്ടത്തോണി മറിഞ്ഞ് നാലുപേര്‍ മരിച്ച ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാവും മുമ്പേ ബാണാസുര ഡാമിനോട് ചേര്‍ന്ന വനത്തില്‍ നായാട്ടും അനധികൃത മീന്‍പിടുത്തവും സജീവം. അപകടമുണ്ടായ സ്ഥലത്ത് തന്നെയാണ് രാത്രി സമയങ്ങളില്‍ കുട്ടത്തോണിയിലെ സഞ്ചാരവും മീന്‍പിടുത്തവും വ്യാപകമായിരിക്കുന്നത്. പ്രദേശവാസികളില്‍ ചിലരുടെ സഹായത്തോടെ പുറത്തു നിന്നും എത്തുന്ന സംഘമാണ് നിയമലംഘനത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കുട്ടത്തോണിയില്‍ സഞ്ചരിക്കവേ മൂന്നംഗ സംഘം അപകടത്തില്‍പെട്ടിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

2017 ജൂലൈ 16 നാണ് ബാണാസുര സാഗര്‍ ഡാം റിസര്‍വോയറില്‍ നാടിനെ നടുക്കി മീന്‍ പിടിക്കാനിറങ്ങിയ നാല് പേര്‍ കുട്ടത്തോണി മറിഞ്ഞ് മരിച്ചത്. എന്നാല്‍ ഇത്രയും വലിയ ദുരന്തം നടന്നിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് വീണ്ടും ആളുകള്‍ ഇവിടെയെത്തുകയാണ്. കരയില്‍ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്തും, രാത്രിയില്‍ ടെന്റ് കെട്ടി താമസിച്ചുമാണ് മീന്‍പിടുത്തം. മുമ്പുള്ളതിലും അപകട സാധ്യത നിലനില്‍ക്കെയാണ് അനധികൃത മീന്‍പിടുത്തം. പഴയ തരിയോട് പൊലീസ് സ്‌റ്റേഷന്‍ നിലനിന്ന സ്ഥലത്തോട് ചേര്‍ന്ന് നിരവധി അടുപ്പുകള്‍ നിര്‍മിച്ചിട്ടുണ്ട്. മീന്‍പിടുത്തത്തിന്റെ മറവില്‍ റിസര്‍വോയറിനോട് ചേര്‍ന്ന വനത്തില്‍ നായാട്ട് നടക്കുന്നതായും പരാതിയുണ്ട്. സമീപത്തെ റിസോര്‍ട്ടുകളിലെത്തുന്ന സഞ്ചാരികളും രാത്രിയില്‍ മീന്‍ പിടിക്കാനിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

അതേ സമയം ഡാമിലെ അനധികൃത മീന്‍പിടുത്തവും അപകട മരണങ്ങളും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക സമിതി അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് ഫയലിലുറങ്ങുകയാണ്. അന്ന് ദുരന്ത സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ നാട്ടുകാരുടെ പരാതിയെ കുറിച്ചും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായി എ.ഡി.എം ചെയര്‍മാനായി ആറംഗ സംഘത്തെ നിയോഗിച്ചിരുന്നു.എ.ഡി.എം, അഗ്‌നിശമന രക്ഷാ സേന അഡിഷണല്‍ ജില്ല ഓഫിസര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്‌സി. എന്‍ജിനീയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് മൈനര്‍ ഇറിഗേഷന്‍ എക്‌സി. എന്‍ജിനീയര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ അംഗങ്ങളായുള്ള അന്വേഷണ സമിതി ദിവസങ്ങളെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ട് ആഗസ്റ്റ് ആദ്യവാരം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

 ബാണാസുരയിലെ അപകട മരണങ്ങള്‍ നായാട്ട് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനിടെയാണ് ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഡാമുകളിലെ സുരക്ഷയില്ലായ്മയും പരിഹാരമാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്യുന്ന തോണികള്‍ക്കും കുട്ടത്തോണികള്‍ക്കും മാത്രം റിസര്‍വോയറില്‍ അനുമതി നല്‍കുകയും ബാക്കിയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുക, പൊലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കുക, വൈകുന്നേരം ആറിന് ശേഷം റിസര്‍വോയറിനകത്ത് പ്രവേശനം നിരോധിക്കുക തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും പ്രായോഗിക നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'