
പത്തനംതിട്ട: സിവിൽ സപ്ലൈസിന് കീഴിൽ പത്തനംതിട്ടയിലുള്ള ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലേക്ക് വനിതാ അംഗത്തെ ചട്ടവിരുദ്ധമായി നിയമിച്ചെന്ന് ആരോപണം. തസ്തികയിലേക്ക് നിരവധി അപേക്ഷകരുണ്ടായിട്ടും ഇക്കൂട്ടത്തിൽ ഉൾപ്പെടാത്ത ആളെ ജോലിയിൽ നിയമിച്ചതാണ് വിവാദമായത്.
ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ ഒഴിവുള്ള വനിതാ അംഗത്തിന്‍റെ തസ്തികയിലേക്ക് 2017 ജൂണിലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 25 പേരാണ് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിച്ചത്. എന്നാൽ ഈ പട്ടികയിലില്ലാത്ത എൻ സാജിതാ ബീവിയെ കഴിഞ്ഞ മാസം പ്രസ്തുത തസ്തികയിലേക്ക് നിയമിച്ചു. ജനുവരി 24 ന് ഇവർ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
അപേക്ഷകരുടെ പട്ടികയിലോ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുൾപ്പെടെയുളള നടപടി ക്രമങ്ങളിലോ സാജിതാ ബീവി ഹാജരായിരുന്നില്ല. അന്തിമപട്ടികയിലേക്ക് 5 പേരെ തെരഞ്ഞടുത്തത് ചട്ടവിരുദ്ധമാണന്ന് കാണിച്ച് അപേക്ഷകരിലൊരാൾ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ വിശദീകരണത്തിനൊപ്പം നൽകിയ പട്ടികയിലും സാജിതാ ബീവിയുടെ പേരില്ല.
തസ്തികയിലേക്ക് പിൻവാതിൽ നിയമനമാണ് നടന്നതെന്ന് മറ്റ് അപക്ഷകർ ആരോപിച്ചു. എന്നാൽ പത്തനംതിട്ടയിലേക്ക് പരിഗണിക്കാൻ ആലപ്പുഴ കലക്ടർ മുൻപാകെ അപേക്ഷ നൽകിയിരുന്നുവെന്നാണ് ഇവരുടെ വിശദീകരണം. സംസ്ഥാന സിവിൽ സ്പ്ലൈസ് ആൻഡ് കൺസ്യൂമർ അഫെയേഴ്സ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയവരുൾപ്പെട്ട ബോർഡാണ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നത്. അനധികൃത നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റ് അപേക്ഷകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam