എഴുതാനും വായിക്കാനും അറിയില്ല; ഛത്തീസ്​ഗഡിൽ മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലി ​ഗവർണർ

By Web TeamFirst Published Dec 27, 2018, 2:20 PM IST
Highlights

'വിദ്യാഭ്യാസമില്ലെങ്കിലും ദൈവം എനിക്ക് ബുദ്ധി നൽകിട്ടുണ്ട്. അതുകൊണ്ട് എനിക്ക് നല്ലൊരു ഭരണം കാഴ്ചവെക്കാൻ ഉറപ്പായും സാധിക്കും'-ലാഖ്മ പറഞ്ഞു 
 

ഛത്തീസ്​ഗഡ്: എഴുതാനും വായിക്കാനും അറിയാത്ത മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലി ​ഗവർണർ. ഛത്തീസ്​ഗഡിലെ കോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ കവാസി ലഖ്മക്ക് വേണ്ടിയാണ് ​ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിയത്. ഡിസംബർ 17 ന് അധികാരമേറ്റ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ സര്‍ക്കാര്‍ ഒമ്പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കൊണ്ട് മന്ത്രിസഭ ചൊവ്വാഴ്ചയാണ് വിപുലീകരിച്ചത്. ഇതിലൊരാളാണ് കവാസി ലഖ്മ.

സത്യപ്രതിജ്ഞ വേദിയിൽ ഗവര്‍ണര്‍ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാകാതെ കുഴങ്ങിയ ലഖ്മക്ക് വേണ്ടി ​​ഗവർണർ തന്നെ ബാക്കി വായിക്കുകയായിരുന്നു. ശേഷം വാചകം ഏറ്റു പറഞ്ഞ് ലഖ്മ മന്ത്രിയായി ചുമതലയേറ്റു. 'ഒരു പാവപ്പെട്ട കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. സ്കൂളിൽ പോകാനുള്ള സാഹചര്യമൊന്നും ഇല്ലായിരുന്നു. മത്സരിക്കാൻ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി എനിക്ക് ടിക്കറ്റ് നൽകി. എല്ലാവരും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. വിദ്യാഭ്യാസമില്ലെങ്കിലും ദൈവം എനിക്ക് ബുദ്ധി നൽകിട്ടുണ്ട്. അതുകൊണ്ട് എനിക്ക് നല്ലൊരു ഭരണം കാഴ്ചവെക്കാൻ ഉറപ്പായും സാധിക്കും'-ലാഖ്മ പറഞ്ഞു 

വിദ്യാഭ്യാസം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ജന പ്രീതിയാണ് മന്ത്രി പദവിയിലെത്തിച്ചത്. ഇരുപത് കൊല്ലം കൊണ്ട് നിയമസഭാംഗമായി  തുടരുന്ന തനിക്കെതിരെ ഇതുവരെയും ഒരുതരത്തിലുള്ള ആരോപണങ്ങളോ അഴിമതികളോ ഉണ്ടായിട്ടില്ലെന്ന് ലഖ്മ പറയുന്നു. ഛത്തീസ്ഗഡിലെ ദർബാ താഴ്വരയിൽ 2013ൽ കോണ്‍ഗ്രസ് നേതാക്കൾ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ മാവോവാദി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നോതാക്കളിൽ ഒരാൾ കൂടിയാണ് ലഖ്മ. മുന്‍ കേന്ദ്രമന്ത്രി വി സി ശുക്ല, അന്നത്തെ പി പി സി അദ്ധ്യക്ഷന്‍ എന്നിവരുള്‍പ്പെടെ 27 പേരാണ് കുഴിബോംബ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്.

click me!