ഇമാമിനെതിരായ പീഡനക്കേസ്; പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ

By Web TeamFirst Published Feb 22, 2019, 2:33 PM IST
Highlights

മകളെ ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കോടതി നിർദേശം നൽകണമെന്നും മകളെ തനിക്കൊപ്പം അയക്കാൻ കോടതി ഇടപെടണമെന്നുമാണ് ഹർജിയിൽ  മാതാവിന്‍റെ ആവശ്യം.

കൊച്ചി:  തിരുവനന്തപുരത്ത് ഇമാമിന്‍റെ പീഡനത്തിനിരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ അന്യായമായി ത‍ടങ്കലിൽ വെച്ചിരിക്കുകയാണ്. ഇതു മൂലം മകളുടെ പഠനം മുടങ്ങിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ മാതാവ് ആരോപിച്ചു.

മകളെ ഹാജരാക്കാൻ കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും മകളെ തനിക്കൊപ്പം അയക്കാൻ കോടതി ഇടപെടണമെന്നുമാണ് ഹർജിയിൽ  മാതാവിന്‍റെ ആവശ്യം.

പീഡന വിവരം പുറത്തറിഞ്ഞത് മുതൽ ഇമാം ഒളിവിലാണ്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊച്ചിയിൽ വാഹനം ഉപേക്ഷിച്ചാണ്  ഇമാം ഷെഫീക്ക് അൽ ഖാസിമി ഒളിവിൽ പോയത്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇമാം ബെംഗലൂരുവിൽ  ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ബെംഗലൂരുവിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. 

പീഡനത്തിനിരയായ കുട്ടിയോ കുടുംബമോ  ഇമാമിനെതിരെ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. പിന്നീട് തൊളിക്കോട് ജമാഅത്ത് പള്ളി പ്രസിഡന്‍റിന്‍റെ പരാതിയിൽ ഇമാമിനെതിരെ പോക്സോ നിയമപ്രകാരം വിതുര പൊലീസ് കേസെടുക്കുകയായിരുന്നു.

ഇമാമിന്‍റെ പീഡനത്തിനിരയായ  പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ രഹസ്യ കേന്ദ്രത്തിലാണ് ഉള്ളത്.  ഇമാമിനെതിരെ പൊലീസിൽ പരാതിപ്പെടാൻ തയ്യാറാകാതിരുന്ന കുടുംബം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. 

click me!