ചര്‍ച്ചകള്‍ പുനരാരംഭിക്കണം: മോദിക്ക് ഇമ്രാന്‍റെ കത്ത്

Published : Sep 20, 2018, 11:52 AM IST
ചര്‍ച്ചകള്‍ പുനരാരംഭിക്കണം: മോദിക്ക് ഇമ്രാന്‍റെ കത്ത്

Synopsis

അയല്‍രാജ്യങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു കാല്‍വെയ്പ്പുകളോടും രണ്ടു ചുവടുകള്‍ കൂടുതല്‍ പ്രതികരണം പാകിസ്താന്‍ നടത്തുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന പ്രസംഗത്തില്‍ ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു

ദില്ലി: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഈ മാസം അവസാനത്തോടെ ഇന്ത്യാ-പാക് സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്നതിനൊപ്പം ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരായ സുഷമാ സ്വരാജും ഷാ മെഹ്മൂദ് ഖുറേഷിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച കൂടി എന്ന ആഗ്രഹവും ഖാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

അയല്‍രാജ്യങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു കാല്‍വെയ്പ്പുകളോടും രണ്ടു ചുവടുകള്‍ കൂടുതല്‍ പ്രതികരണം പാകിസ്താന്‍ നടത്തുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന പ്രസംഗത്തില്‍ ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം അധികാരത്തില്‍ ഏറിയതിന് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആദ്യം ഉണ്ടാകുന്ന നീക്കമാണ് ഇമ്രാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. 

അതേസമയം ഇന്ത്യാ പാകിസ്താന്‍ വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉണ്ടായേക്കുമെന്ന രീതിയില്‍ ചില ഊഹാപോഹങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. 2015 ഡിസംബറിന് ശേഷം പത്താന്‍കോട്ട് ആക്രമണത്തോടെ പൂര്‍ണ്ണമായും തടസ്സപ്പെട്ടുപോയ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വീണ്ടുമാരംഭിക്കണമെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. ഭീകരതയും കശ്മീരും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെല്ലാം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഇമ്രാന്‍ പറഞ്ഞു. 

ഏഷ്യന്‍ ഉച്ചകോടിയുടെ ഭാഗമായിട്ട് സുഷമാ സ്വരാജ് 2015 ല്‍ ഇസ്ലാമാബാദിലേക്ക് പോയതായിരുന്നു ഇതിന് മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ഒരേയൊരു പരിപാടി. സമാധാനം, സുരക്ഷ, സിബിഎംഎസ്, ജമ്മുകശ്മീര്‍, സിയാച്ചിന്‍, സാമ്പത്തിക വാണിജ്യ സഹകരമണം, ഭീകരവാദം ഇല്ലാതാക്കല്‍, മയക്കുമരുന്ന് കടത്തു നിയന്ത്രണം, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍, മത ടൂറിസം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഉണ്ടാകുമെന്ന രീതിയില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. 

അതേസമയം ഇന്ത്യ ലക്ഷ്യമാക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ക്ക് പാകിസ്താന്‍ മണ്ണ് വളക്കൂര്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തതാണെന്നതാണ് ഇന്ത്യയുടെ പക്ഷം. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും മോചിപ്പിച്ച്  സമാധാനവും അഭിവൃദ്ധിയും കൈവരുത്തുന്നതിനായി നേരത്തേ നരേന്ദ്രമോദി ഫോണിലൂടെ പങ്കുവെച്ച ആശയങ്ങളും ഇമ്രാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അതേസമയം പാകിസ്താന്‍ സൈന്യവുമായി ശക്തമായി ബന്ധം നിലനിര്‍ത്തുന്ന ഇമ്രാന് കീഴില്‍ പാകിസ്താന് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന ശക്തമായ വിമര്‍ശനം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇമ്രാന്റെ ഈ വ്യത്യസ്തമായ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'യുവാക്കളും സുന്ദരന്മാരുമായ പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല, സ്ത്രീകളെയാണ് ഇഷ്ടം'; ബോർഡ് ഓഫ് പീസ് വേദിയിൽ ചിരി പടർത്തി ട്രംപ്
ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ ഇന്ത്യയും; പങ്കെടുത്തത് നിരീക്ഷക രാജ്യമായി