പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപണം: മധ്യപ്രദേശിൽ മൂന്ന് പേർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി കേസ്

By Web TeamFirst Published Feb 5, 2019, 9:59 PM IST
Highlights

വർഗീയ സംഘർഷസാധ്യതയുള്ള ഇടത്താണ് പശുവിനെ കശാപ്പ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എൻഎസ്എ ചുമത്തി കേസെടുക്കുന്നത്.

ഖാണ്ഡ്വ: മധ്യപ്രദേശിലെ ഖാണ്ഡ്വയ്ക്കടുത്ത് പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മൂന്ന് പേർക്കെതിരെ ദേശരക്ഷാ നിയമം ചുമത്തി കേസെടുത്തു. രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പാണിത്. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എൻഎസ്എ ചുമത്തി കേസെടുക്കുന്നത്. ഉത്തർപ്രദേശിൽ ഗോവധം ആരോപിക്കപ്പെട്ട പല കേസുകളിലും എൻഎസ്എ ചുമത്താറുള്ളത് വിവാദമായിരുന്നു.

വർഗീയ സംഘർഷസാധ്യതയുള്ള ഖാണ്ഡ്വയിലെ മോഘട്ട് എന്ന ഇടത്താണ് പശുവിനെ കശാപ്പ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നദീം, ഷക്കീൽ, അസം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി കശാപ്പുകാരാണ് സഹോദരൻമാരായ നദീമും ഷക്കീലും. ഗോവധ നിരോധനനിയമത്തിലെ വകുപ്പുകൾക്ക് പുറമേയാണ് എൻഎസ്എ കൂടി ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.

നദീമിനെ ഇതിന് മുമ്പും പശുവിനെ കശാപ്പ് ചെയ്തതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017-ൽ അറസ്റ്റ് ചെയ്ത നദീം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. 

click me!