
തിരുവനന്തപുരം:സൈബർ കുറ്റകൃത്യങ്ങൾ തടയാൻ മേഖലാ അടിസ്ഥാനത്തിൽ പൊലീസ് ഐടി വിങ്ങ് രൂപീകരിക്കുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലകളിലാകും തുടർ പ്രവർത്തനം. കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സംവിധാനം ഒരുക്കിയതിന് പിന്നാലെയാണ് മേഖലാടിസ്ഥാനത്തിൽ ഐടി വിങ് രൂപീകരിക്കുന്നത്.
നിലവിലുള്ള തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഫർമേഷൻ ആന്‍റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്ന പേരിൽ വിങ്ങുണ്ട്. പക്ഷെ സൈബർ പരാതികൾ പെരുകുമ്പോൾ സംസ്ഥാന വ്യാപകമായി സേനയ്ക്ക് സാങ്കേതിക സഹായങ്ങൾ നൽകാൻ ഈ വിംഗിന് കഴിയുന്നില്ല. മേഖലകളുടെ അടിസ്ഥാനത്തില്‍ കൂടുതൽ ഉദ്യോഗസ്ഥരെത്തുന്നതോടെ സൈബർ കേസുകളുടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാവും.
തിരുവനന്തപുരത്ത് ഡിവൈഎസ്പിയും കൊച്ചിയിലും കോഴിക്കോടും സിഐമാരും മേഖലാ പ്രവർത്തനം നയിക്കും. നേരത്തെയുണ്ടായിരുന്ന ഐടി വിങ് എസ്പി ജയനാഥ് ഐപിഎസിനാവും ഏകോപന ചുമതല. സൈബർ കേസുകളന്വേഷിക്കാൻ പരിശീലനവും അവശ്യഘട്ടങ്ങളിൽ ഉപദേശവും അതത് മേഖലകളിൽ പൊലീസിന് ലഭ്യമാക്കും. സംസ്ഥാനവ്യാപകമായി സിസിടിവി സ്ഥാപിക്കുക, ജനസേവനത്തിനായി മൊബൈൽ ആപ്പുകൾ ഉണ്ടാക്കുക. ട്രാഫിക് നിയന്ത്രണം ടെക്നോളജിയുടെ സഹായത്തോടെ കാര്യക്ഷമമാക്കുക തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ ആദ്യഘട്ടത്തിൽ മേഖലകൾക്ക് നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam