നാല് ദിവസം കൊണ്ട് കൊളസ്ട്രോള്‍ 900മി.ഗ്രാം കുറയ്ക്കുന്ന ലാബുകളുടെ 'മാജിക്'

By Web DeskFirst Published Jan 17, 2017, 6:15 AM IST
Highlights

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രാവിലെ ഭക്ഷണം കഴിക്കാതെയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ലാബില്‍ ഇക്കഴിഞ്ഞ ഏഴാം തീയ്യതി രാവിലെ ഏഴുമണിക്ക് ഷാജി എത്തുന്നത്. പരിശോധന ഫലം വന്നപ്പോള്‍ ഷാജി തകര്‍ന്നുപോയി. ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ട്രൈഗ്ലിസറൈഡ്സ് 1052Mg/dl. സംശയം തോന്നിയതോടെ അതേ ലാബില്‍ വീണ്ടും പരിശോധിച്ചപ്പോഴും ഫലത്തില്‍ മാറ്റമില്ല. ഡോക്ടര്‍ മരുന്നും കുറിച്ചുകൊടുത്ത് രണ്ടാഴ്ച കഴിക്കാന്‍ പറഞ്ഞു. സംശയം തോന്നിയ ഷാജി മരുന്നൊന്നും കഴിക്കാതെ തൊട്ടടുത്ത ദിവസം രാവിലെ സ്വകാര്യ ലാബില്‍ പോയി പരിശോധിച്ചപ്പോള്‍ അത് 243mg ആയി. തൊട്ടടുത്ത ദിവസം മറ്റൊരു സ്വകാര്യ ലാബില്‍ പോയി. വീണ്ടും പരിശോധിച്ചു 190 Mg. 

അടുത്ത ദിവസം ജനറല്‍ ആശുപത്രി ലാബിലെത്തി പരിശോധിച്ചപ്പോള്‍ അത് 1052mg യില്‍ നിന്ന് 319mg  ആയി കുറഞ്ഞു. സംശയം തീര്‍ക്കാന്‍ 13ാം തീയ്യതി രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രി ലാബില്‍ പോയി പരിശോധിച്ചപ്പോള്‍ 144 ആയി. അതായത് മരുന്നോ കാര്യമായ ഭക്ഷണ വ്യത്യാസമോ മദ്യപാനമോ ഒന്നുമില്ലാതെ ചീത്ത കൊളസ്ട്രോള്‍ 1052ല്‍ നിന്ന് അഞ്ച് ദിവസം കൊണ്ട് 144 ആയി കുറഞ്ഞു. തെറ്റായ പരിശോധനാഫലം നോക്കി 1052 മില്ലി ഗ്രാം കൊളസ്ട്രോളുള്ള വ്യക്തിക്ക് കൊടുക്കുന്ന മരുന്ന് താന്‍ കഴിച്ചിരുന്നെങ്കില്‍ തന്റെ ആരോഗ്യസ്ഥിതി എന്താകുമായിരുന്നെന്നാണ് ഷാജി ചോദിക്കുന്നത്.

കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചും മറ്റും കൊളസ്ട്രോളിന്റെ അളവില്‍ വ്യത്യാസം വരുമെങ്കിലും അഞ്ചു ദിവസത്തിനുള്ളില്‍ മരുന്നൊന്നും കഴിക്കാതെ 900ത്തിന്റെ വ്യത്യാസം ഉണ്ടാവില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാരും പറയുന്നു. എവിടെയാണ് പിശക് പറ്റിയതെന്ന് ആശുപത്രി അധികൃതര്‍ കണ്ടുപിടിക്കണം. ഇത് ആവര്‍ത്തിച്ചാല്‍ തകരുന്നത് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യത തന്നെയാവും.

click me!