
ദില്ലി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഓര്‍മ്മപ്പെടുത്തുന്ന ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. രാജ്പഥിലെ അമര്‍ ജവാൻ ജ്യോതിയിൽ സൈനിക മേധാവികൾക്കൊപ്പം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് 70ാം മത് റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക.
ജമ്മുകശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മഹാജബീൻ മരണാനന്ത ബഹുമതിയായി അശോക് ചക്ര പുരസ്കാരം ഏറ്റുവാങ്ങും. ആദ്യമായാണ് ഒരു കശ്മീരുകാരന് അശോക് ചക്ര പുരസ്കാരം രാജ്യം നൽകുന്നത്. പിന്നീട് പുഷ്പവൃഷ്ടി നടത്തി ഹെലികോപ്റ്ററുകൾ കടന്നുപോകുന്നതോടെ പ്രൗഡഗംഭീര പരേഡിന് തുടക്കമാകും.
ഇത്തവണ നാവിക സേനയുടെ പരേഡ് നയിക്കുന്നത് കണ്ണൂര്‍ സ്വദേശി ലഫ്റ്റനന്‍റ് അംബിക സുധാകരനാണ്. ആര്‍ പി എഫിനെ തിരുവനന്തപുരം സ്വദേശിയായ അസി. കമാണ്ടന്‍റ് ജിതിൻ ബി രാജ് നയിക്കും. സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസാണ് ഇത്തവണ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
രാജ്യം നേരിടാൻ പോകുന്ന നിര്‍ണാടക തെരഞ്ഞെടുപ്പ് ഓര്‍മ്മപ്പെടുത്തിയായിരുന്നു റിപ്പബ്ലിക് ദിനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധന. ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും റിപ്പബ്ളിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam