
ദില്ലി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാദങ്ങൾ തള്ളി ഇന്ത്യ. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി.
നേരത്തെ ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. യുദ്ധം തുടങ്ങിയാൽ അത് എങ്ങോട്ട് നയിക്കുമെന്ന് ദൈവത്തിനേ അറിയൂ എന്ന് ഇന്ത്യ ഓർക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. സംഘർഷം തീർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി.
രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻറെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പാണ് ആക്രമണത്തെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്നും സൈനികപരിഹാരം സാധ്യമല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇന്ത്യയ്ക്കു വേണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സൗദി ഭരണാധികാരിയുടെ സന്ദർശനം ആസൂത്രണം ചെയ്യുന്ന വേളയിൽ പാകിസ്ഥാൻ എന്തിന് ഇത്തരമൊരു ആക്രമണം നടത്തണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
സഹായത്തിനായി പാകിസ്ഥാൻ യുഎൻ രക്ഷാസമിതിയെയും സമീപിച്ചിട്ടുണ്ട്. ഇന്ത്യ ഭീഷണി മുഴക്കുന്നു എന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസിന് എഴുതിയ കത്തിൽ പറയുന്നു. പാകിസ്ഥാനുമായും കശ്മീരി നേതാക്കളുമായും ചർച്ച നടത്താൻ ഇന്ത്യയ്ക്ക് യുഎൻ നിർദ്ദേശം നല്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam