പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

By Web DeskFirst Published May 3, 2017, 7:27 AM IST
Highlights

ദില്ലി: ജമ്മുകശ്മീരില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദ്ദേഹം വികൃതമാക്കിയ നടപടിയില്‍ കടുത്ത പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി. നിയന്ത്രണരേഖയില്‍ ഇന്നു പുലര്‍ച്ചയും പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചു. അതിര്‍ത്തിയിലും എല്ലാ പ്രതിരോധ കേന്ദ്രങ്ങളിലും അതീവജാഗ്രത തുടരുമ്പോഴാണ് പാകിസ്ഥാന്റെ ഈ പ്രകോപനം.

ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പ്രകോപനം ഇല്ലാതെ പാകിസ്ഥാന്‍ വെടിവച്ചത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പൂഞ്ച് ജില്ലയിലെ മന്‍കോട്ടിലായിരുന്നു പ്രകോപനം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ രാവിലെ ഏഴുമണിവരെ തുടര്‍ന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. നാല്പത്തിയെട്ട് മണിക്കൂറില്‍ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്റെ വെല്ലുവിളി. രണ്ട് സൈനികരുടെ മൃതദ്ദേഹം വികൃതമാക്കിയ സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ ഇന്നലെ മുന്നറിയിപ്പ് നല്കിയിരുന്നു. ഇന്ന് ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാന്‍ പ്രകോപനം തുടരുന്നത് കടുത്ത നടപടിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. എല്ലാ പ്രതിരോധകേന്ദ്രങ്ങള്‍ക്കും ഇന്നലെ ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരുന്നു. നാവിക സേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇതിനിടെ പ്രതിരോധമന്ത്രാലയത്തിന് ആത്മാര്‍ത്ഥതയില്ലെന്ന നിലപാടുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്തു വന്നു. പാകിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും തോക്ക് അഥവാ ഗണ്‍കി ബാത്ത് നടത്തണമെന്നും ശിവസേനാ മേധാവി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. സൈനികരുടെ മൃതദ്ദേഹം വികൃതമാക്കിയില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് പാകിസ്ഥാന്‍  ഇന്ത്യ ഒരു തെളിവും നല്കിയിട്ടില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ക്വാജാ മുഹമ്മദ് ആസിഫ് പറഞ്ഞു.

click me!