ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിധി; പരാമര്‍ശം വിവാദത്തിലേക്ക്

By Web TeamFirst Published Dec 13, 2018, 3:47 PM IST
Highlights

പൗരത്വം സംബന്ധിച്ച ഒരു കേസിന്‍റെ വിധി ന്യായത്തിലാണ് നിയമലോകത്തെ ഞെട്ടിച്ച് കൊണ്ടുള്ള പരാമര്‍ശങ്ങൾ ജസ്റ്റിസ് സുദീപ് രഞ്ജന്‍ സെന്‍ നടത്തിയത്. 

ദില്ലി: 1947ല്‍ തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടിയിരുന്നുവെന്ന മേഘാലയ ഹൈക്കോടതി വിധിയിലെ പരാമര്‍ശം വിവാദത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന വിധി എഴുതിയ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവും ഉയരുന്നു. ഇതിനിടെ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്, വിധി സ്വാഗതം ചെയ്ത് രംഗത്തെത്തി.

പൗരത്വം സംബന്ധിച്ച ഒരു കേസിന്‍റെ വിധി ന്യായത്തിലാണ് നിയമലോകത്തെ ഞെട്ടിച്ച് കൊണ്ടുള്ള പരാമര്‍ശങ്ങൾ ജസ്റ്റിസ് സുദീപ് രഞ്ജന്‍ സെന്‍ നടത്തിയത്. പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. വിഭജനസമയത്ത് പാക്കിസ്ഥാന്‍ സ്വയം മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിച്ചു. ഒരു ഹിന്ദുരാഷ്ട്രമായി ഇന്ത്യയും അന്ന് പ്രഖ്യാപിക്കണമായിരുന്നു. പകരം മതേതര രാഷ്ട്രം എന്ന നിലയില്‍ തുടര്‍ന്നു.

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമായി മാറ്റാന്‍  ആരേയും അനുവദിക്കരുത്. ഇക്കാര്യത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലള്ള സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്‍പ്പെടെ എത്തുന്ന ഹിന്ദു, സിഖ്, ജൈന മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒരു രേഖയും ചോദിക്കാതെ പ്രിയങ്കരനായ പ്രധാനമന്ത്രി പൗരത്വം നല്കണമെന്നും ജസ്ററിസ് സെന്‍ വിധിയില്‍ എഴുതി വെച്ചു. തിങ്കളാഴ്ച  പുറപ്പെടുവിച്ച വിധിയുടെ പൂര്‍ണരൂപം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷത്ത് നിന്നും ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

ആര്‍എസ്എസ് സാഹിത്യം എഴുതിയ ജഡ്ജിക്കെതിരെ സുപ്രീകോടതി നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.  ഫറൂഖ് അബ്ദുള്ള, അസ്ദുദ്ദീന്‍ ഉവൈസി തുടങ്ങിയ  നേതാക്കളും ജഡ്ജിക്കെതിരെ രംഗത്തെത്തി. ഇതൊരു മതേതര രാഷ്ട്രമാണ്. അങ്ങിനെ തന്നെ തുടരും. ആര്‍ക്കും എന്തും പറയാം. പക്ഷെ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു  നാഷണല്‍ കോണ്‍ഫറന്‍സ് നോതാവ് ഫറൂഖ് അബ്ദുള്ളയുടെ മറുപടി. 

അതേസമയം ജനങ്ങള്‍ ആഗ്രഹിച്ച വിധിഎന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്‍റെ പ്രതികരണം. ജഡ്ജിയെ വിമര്‍ശിക്കുന്നവരില്‍ മുഹമ്മദലി ജിന്നയുടെ പ്രേതം കൂടിയിരിക്കുകയാണെന്നും മന്ത്രി പരിഹസിച്ചു.
  

 

click me!