
നാഗ്പൂർ: മഹാരാഷ്ട്രയിൽ ഭീഷണി ഉയർത്തി വീണ്ടും പുള്ളിപ്പുലിയുടെ ആക്രമണം. മരച്ചുവട്ടിൽ ധ്യാനിക്കുകയായിരുന്ന ബുദ്ധ സന്ന്യാസിയെ പുലി ആക്രമിച്ച് കൊന്നു. കഴിഞ്ഞ ഒരു മാസമായി കാട്ടിനുള്ളിലെ വൃക്ഷച്ചുവട്ടിൽ ധ്യാനിക്കുകയായിരുന്ന രാഹുൽ വാൽക്കെ(35) എന്ന ബുദ്ധ സന്ന്യാസിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിൽനിന്ന് 150 കിലോമീറ്റർ അകലെ ചന്ദ്രപൂർ ജില്ലയിലെ രാംദേഗി വനത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന ബുദ്ധ ക്ഷേത്രത്തിൽനിന്ന് അകലെയായി ഉൾവനത്തിലാണ് രാഹുൽ വാൽക്കെ ധ്യാനത്തിനായി പോയിരുന്നത്. കഴിഞ്ഞ മാസം രാഹുലിനുള്ള ഭക്ഷണവും കുടിവെള്ളവുമായി രണ്ട് സന്ന്യാസികൾ വനത്തിനുള്ളിൽ പോയിരുന്നു. കാടിനുള്ളിലെ വന്യജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് സന്ന്യാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നതായി തഡോബ അന്ധേരി കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഗജേന്ദ്ര നർവാൻ വ്യക്തമാക്കി.
സംഭവസ്ഥലത്തുനിന്നും രാഹുലിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാടിനുള്ളിലെ ബുദ്ധക്ഷേത്രം സന്ദർശിക്കാൻ എത്തുന്നവർക്കായി വലിയ സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. കൂടാതെ വന്യജീവികളുടെ ആക്രമണങ്ങളിൽനിന്ന് ക്ഷേത്രം സംരക്ഷിക്കുന്നതിനായി ക്ഷേത്രത്തിന് ചുറ്റും സോളാർ ഉപയോഗിച്ച് നിർമ്മിച്ച മുള്ളവേലി കെട്ടിയിട്ടുണ്ടെന്നും നർവാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam