
ഷില്ലോംഗ്: അഭയാർഥികൾക്ക് താമസ രേഖ നൽകുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് മേഘാലയ ഹൈക്കോടതി വിവാദ പരാമർശനം നടത്തിയത്. പാക്കിസ്ഥാൻ സ്വയം മുസ്ലിം രാജ്യമായി പ്രഖ്യാപിച്ചതുപോലെ ഇന്ത്യയും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്നാണ് മേഘാലയ ഹൈക്കോടതി ജഡ്ജി എസ് ആർ സെൻ പ്രസ്താവിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ച കാലത്ത് തന്നെ ഇത് ചെയ്യാമായിരുന്നെന്നും എന്നാൽ ഇന്ത്യ മതേതരത്വത്തിൽ മുറുകെ പിടിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് ഇന്ത്യയിൽ താമസിക്കാൻ അവസരം നൽകണമെന്നും പൗരത്വം നൽകണമെന്നും മേഖാലയ ഹൈക്കോടതി ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രമായിരുന്ന ഇന്ത്യയുടെ ഭാഗമായിരുന്നു പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ. അവിടങ്ങളിൽ നിന്നും വരുന്ന ഹിന്ദു, മുസ്ലിം, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ, ഖാരോസ്, ഖാസി, തുടങ്ങിയവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നിയമനിർമ്മാണം നടത്താനായി പ്രധാനമന്ത്രി, ആഭ്യന്തര-നിയമ മന്ത്രി, എംപിമാർ എന്നിവർ തയ്യാറാകണമെന്നും എസ് ആർ സെൻ ആവശ്യപ്പെട്ടു.
എല്ലാവരും ഇന്ത്യാക്കാരായതിനാൽ രേഖകൾ ചോദിക്കാതെ തന്നെ സ്വസ്ഥമായി താമസിക്കാനുള്ള അവകാശം ലഭ്യമാക്കണം. സ്ഥിര താമസക്കാരനാണെന്ന രേഖ കിട്ടാനുള്ള പ്രയാസങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു എസ് ആർ സെൻ വിധി പറഞ്ഞുതുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ രാജ്യമായിരുന്ന ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചും വിഭജനങ്ങളെക്കുറിച്ചും പറയാതിരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കൂടുതൽ വിശദീകരണം നടത്തിയത്.
ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായിരുന്ന ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. മുഗളൻമാർ എത്തിയതോടെയാണ് പരിവർത്തനങ്ങളുണ്ടായത്. പിന്നാലെയെത്തിയ ബ്രിട്ടിഷുകാരടക്കമുള്ളവർ ഹിന്ദുക്കളെയും സിഖുകാരെയും കൊന്നൊടുക്കുകയായിരുന്നു. 1947 ൽ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. മുസ്ലിങ്ങൾക്ക് മാത്രമായി പാക്കിസ്ഥാൻ രൂപപ്പെട്ടപ്പോൾ ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമാകണമായിരുന്നു. എന്നാൽ മതേതരത്വ സ്വഭാവം കാട്ടാനാണ് തീരുമാനിച്ചത്. ഇങ്ങനെ പറയുന്നത് ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങൾക്ക് എതിരായല്ലെന്നും എസ് ആർ സെൻ പറഞ്ഞു. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുന്നവരെ എങ്ങനെ നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് അറിയാമെന്നും അദ്ദേഹം വിധിപ്രസ്താവത്തിൽ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam