'ചിദംബരത്തിന്‍റെ അഴിമതി പങ്കാളി'; പുതിയ ആര്‍ബിഐ ഗവര്‍ണര്‍ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

By Web TeamFirst Published Dec 12, 2018, 4:59 PM IST
Highlights

നേരത്തെ, ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് രാജി ഗുണകരമാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചത് തെറ്റാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി, ശക്തികാന്ത ദാസിനെതിരെ രംഗത്ത് വന്നത്. നിയമനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന  പി ചിദംബരം നടത്തിയ അഴിമതി ഇടപാടുകളില്‍ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ പങ്കാളിയാണെന്നുള്ള ഗുരുതര ആരോപണമാണ് ഇതില്‍ പ്രധാനം.

അഴിമതി കേസുകളില്‍ നിന്ന് ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ഇടപ്പെട്ടുവെന്നും സ്വാമി പറഞ്ഞു. നേരത്തെ, ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് രാജി ഗുണകരമാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

റിസര്‍വ് ബാങ്കിന്‍റെ 25 -ാം ഗവര്‍ണറായി നിയമിതനായതിന് പിന്നാലെ ശക്തികാന്ത ദാസിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശന സ്വരം ഉയരുന്നുണ്ട്.  നോട്ട് നിരോധന സമയത്ത് സര്‍ക്കാരിന്‍റെ മുഖമായി നിത്യേന വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്തായിരുന്നു.

ഇതെല്ലാം കുത്തിപ്പൊക്കി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ശക്തികാന്തിന്‍റെ വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരെപ്പോലെ ശക്തികാന്ത ദാസിന് ബിസിനസിലോ സാമ്പത്തിക ശാസ്ത്രത്തിലോ ബിരുദമില്ലെന്നതാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം. ശക്തികാന്തിന്‍റെ ബിരുദം ചരിത്രത്തിലാണെന്നും ട്വിറ്റര്‍ ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നു. 

click me!