
വാഗാ: സാർക് ഉച്ചകോടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ചർച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്‍റെ നീക്കം ഇന്ത്യ തള്ളി. ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ലെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയത്. ഇതോടെ ഉച്ചകോടി തന്നെ നടക്കാനുള്ള സാധ്യത ഇല്ലാതായി.
'ഉച്ചകോടിയ്ക്കുള്ള ക്ഷണം അവർ നൽകിയിട്ടുണ്ട്. എന്നാൽ ഞങ്ങൾ ക്ഷണം സ്വീകരിയ്ക്കുന്നില്ല. പാകിസ്ഥാൻ ഭീകരർക്ക് സഹായം നിർത്തുന്നത് വരെ ചർച്ചയ്ക്കുമില്ല, സാർക് ഉച്ചകോടിയ്ക്കുമില്ല.' സുഷമാ സ്വരാജ് വ്യക്തമാക്കി.
ഗുരു നാനാക്കിന്‍റെ സമാധിസ്ഥലമായ കർതാർപൂർ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയിൽ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ നയതന്ത്രതർക്കങ്ങളിൽ കുരുങ്ങി അത് ഇതുവരെ നടപ്പായിരുന്നില്ല. ഒടുവിൽ ചർച്ചയ്ക്ക് വാതിൽ തുറന്ന് പാക് പ്രധാനമന്ത്രി ഇന്ന് കർതാർപൂർ ഗുരുദ്വാരയിലേയ്ക്കുള്ള ഇടനാഴിയുടെ തറക്കല്ലിടാൻ തീരുമാനിയ്ക്കുകയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ക്ഷണിയ്ക്കുകയും ചെയ്തു.
എന്നാൽ തിരക്ക് മൂലം ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച സുഷമാ സ്വരാജ് ഇന്ത്യൻ സർക്കാരിന്‍റെ പ്രതിനിധികളായി കേന്ദ്രമന്ത്രിമാരായ ഹർസിമ്രത് കൗർ ബാദലിനെയും ഹർദീപ് സിംഗ് പുരിയെയും അയച്ചു. വർഷങ്ങൾക്ക് ശേഷം സിഖ് മതവിശ്വാസികൾ കൂടിയായ രണ്ട് കേന്ദ്രമന്ത്രിമാരും വാഗാ അതിർത്തി കടന്ന് ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചു. വികാരനിർഭരവും ചരിത്രപരവുമായ നിമിഷമെന്നാണ് ഹർസിമ്രത് കൗർ ബാദൽ ഇതിനെ വിശേഷിപ്പിച്ചത്.
പഞ്ചാബിലെ മന്ത്രി നവ്‍ജോത് സിംഗ് സിദ്ദുവും ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേയ്ക്ക് പോയി. നേരത്തേ സുഹൃത്ത് കൂടിയായ ഇമ്രാൻ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും സിദ്ദു പങ്കെടുത്തിരുന്നു. സിദ്ദുവിന്‍റേത് സ്വകാര്യസന്ദർശനമാണെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. പാക് സേനാ മേധാവ് ജനറൽ ഖമർ ജാവേദ് ബാജ്‍വയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രസർക്കാർ പിൻമാറിയതെന്തിന്?
സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ കർതാർപൂർ ഗുരുദ്വാരയിലേയ്ക്കുള്ള ഇടനാഴിയുടെ തറക്കല്ലിനിടെ ഇന്ത്യാ പാക് നയതന്ത്രതർക്കത്തിലെ മഞ്ഞുരുകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് വർഷത്തിൽ മോദി പാകിസ്ഥാനിലേയ്ക്ക് പോയി സംഘപരിവാർ അണികളുടെ രോഷം ക്ഷണിച്ചുവരുത്തേണ്ടെന്നാണ് സർക്കാർ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam