
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, ആഭ്യന്തരമന്ത്രി രാജനാഥ്സിങ്, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവൽ എന്നിവരും വിവിധ സൈനിക മേധാവിമാരും പങ്കെടുത്തു.
പുല്‍വാമ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കി പാകിസ്താനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായതായാണ് വിവരം. ഇക്കാര്യം മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയും സ്ഥിരീകരിച്ചു. ഇതിനായുള്ള നീക്കങ്ങള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിച്ച അമേരിക്ക തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പുല്‍വാമ ആക്രമണത്തിന് ഇന്ത്യ സൈനികമായി മറുപടി കൊടുക്കുമോ എന്നതാണ് ആകാംക്ഷയോടെ ഉറ്റുനോക്കപ്പെടുന്ന കാര്യം. ഇതേക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലിന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനയുണ്ട്. സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്താന് നല്‍കിയ സൗഹൃദരാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചിരിക്കുകയാണ്. വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്കുള്ള വ്യാപാരബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചു. ഇത്രയും ഹീനമായ കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തക്കതായ വില കൊടുക്കേണ്ടി വരുമെന്ന് ഇന്ത്യ ഉറപ്പിക്കുമെന്ന് ജെയ്റ്റലി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam