
പാട്ന: 'രാജ്യത്തിനായി ഞാൻ എന്റെ ഒരു മകനെ നൽകിക്കഴിഞ്ഞു. അടുത്ത മകനെയും യുദ്ധഭൂമിയിലേക്ക് അയക്കാന്‍ ഞാന്‍ ഒരുക്കമാണ്. രാജ്യത്തിന്റെ അതിർത്തി കാക്കാൻ ഞാൻ അവനെ പറഞ്ഞയക്കും'; ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്‍ രത്തന്‍ താക്കൂറിന്റെ പിതാവിന്റെ ഹൃദയഭേദകമായ വാക്കുകളാണിത്. പാക്കിസ്ഥാന് തക്കതായ മറുപടി നൽകണമെന്നും അദ്ദേഹം പറയുന്നു.
ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയാണ് വീരമൃത്യു വരിച്ച രത്തന്‍. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ഭീകർ ആക്രമണം നടത്തിയത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വെച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി ജമ്മു - ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. മഞ്ഞ് മാറി പാത ഒരുവിധം യാത്രായോഗ്യമായതിന് ശേഷം ആദ്യമായി പുറപ്പെട്ട സൈനികരുടെ വാഹന വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. 2547 സൈനികരാണ് വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി അവധി കഴിഞ്ഞ് തിരിച്ചെത്തിയ സൈനികര്‍ മോശം കാലാവസ്ഥ കാരണം ശ്രീനഗറിലേക്ക് പോകാനാകാതെ ജമ്മുവില്‍ തുടരുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെടാറുള്ള വാഹനവ്യൂഹത്തെപ്പറ്റി കൃത്യമായി മനസിലാക്കി, ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണ് നടന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
അതേസമയം ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ദുഃഖത്തിന്‍റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ല. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് പിന്തുണയുമായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam