പ്രളയത്തിനിടെ ആ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചത്, സൈന്യം പറയുന്നു

Published : Aug 24, 2018, 01:36 PM ISTUpdated : Sep 10, 2018, 01:21 AM IST
പ്രളയത്തിനിടെ ആ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക്  എന്താണ് സംഭവിച്ചത്, സൈന്യം പറയുന്നു

Synopsis

അയ്യപ്പാ കോളേജ് ഹോസ്റ്റലിലെ 13 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വ്യോമസേന പുറത്തു വിട്ടത്... 

തിരുവനന്തപുരം: നാല് ദിവസം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. ദക്ഷിണമേഖലാ വ്യോമസേനയുടെ തിരുവനന്തപുരം വിഭാഗം പി.ആര്‍.ഒ ധന്യാ സനലാണ് ആദ്യാവസാനം വെല്ലുവിളികള്‍  നിറഞ്ഞ ഒരു റെസ്ക്യൂ മിഷന്‍റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടത്.

അയ്യപ്പാ കോളേജിന്‍റെ ഹോസ്റ്റലില്‍ കുടങ്ങിയ 13 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ വ്യോമസേനാ മിഷനായിരുന്നു രക്ഷാദൗത്യത്തില്‍ ഏറെവെല്ലുവിളി നിറഞ്ഞതെന്ന് ഇതിന് നേരിട്ട് സാക്ഷ്യം വഹിച്ച സൗമ്യ ഫേസ്ബുക്കില്‍ കുറിക്കുന്നു. 

സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്.. 

രക്ഷാദൗത്യം പുലർച്ചേ തുടങ്ങിയതു കൊണ്ട് അന്നേ ദിവസം ഹെലികോപ്റ്ററിൽ ഇരുന്ന് സിപ് ചെയ്യുന്ന വെള്ളം ഒഴികെ, ഞാനടക്കം ആരും,വേറൊന്നും കഴിച്ചിട്ടില്ല. പ്രശാന്ത്സാർ കമാന്റോസിന് ഉള്ള ഭക്ഷണ പൊതിയിൽ നിന്നും ഒരെണ്ണം എനിക്ക് നീട്ടി. അങ്ങനെ, ആ ദിവസത്തെ ബ്രേക്ഫാസ്റ്റ്-കം-ലഞ്ച്-കം-ഡിന്നറിന് കൂടെ തന്നെ ഞങ്ങൾ ചെയ്യാൻ പോകുന്ന മിഷനെ കുറിച്ച് പ്രശാന്ത് സാർ ഒരു രൂപരേഖ പറഞ്ഞു തന്നു.

ഗരുഡ് കമാന്റോ വിങ്ങ്കമാണ്ടർ പ്രശാന്ത് പറഞ്ഞത് ഇപ്രകാരമാണ്.

1.മറ്റൊരു റസ്ക്യൂ ഓപറേഷൻ കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് 38 കുട്ടികൾ കോളേജ് ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത് അറിഞ്ഞത്. ഉടനെ ക്യാപ്റ്റൻ ഖണ്ടാൽകർ ഹെലികോപ്റ്റർ ആ ദിശയിൽ തിരിച്ച് വിട്ടു.
2. മറ്റു കെട്ടിടങ്ങളും, മരങ്ങളും ചുറ്റിലും ഉള്ള, ഹെലികോപ്റ്റർന് താഴ്ന്ന് പറക്കുവാൻ അത്യന്തം ബുദ്ധിമുട്ടേറിയ ഒരു പ്രദേശത്താണ് ഹോസ്റ്റൽ കെട്ടിടം. കുട്ടികൾ ഹെലികോപ്റ്ററിന്റേയും സേനയുടേയും ശ്രദ്ധ ആകർഷിക്കുവാൻ ശ്രമിച്ചതുകൊണ്ട് അവരെ തിരിച്ചറിയുവാൻ ബുദ്ധിമുട്ട് ഉണ്ടായില്ല.
3. താഴ്ന്ന് പറന്ന ഹെലികോപ്റ്ററിൽ നിന്നും പ്രശാന്ത് സാർ തന്നെ ഹോസ്റ്റലിന്റെ ടെറസിൽ ഇറങ്ങി കാര്യം തിരക്കി. വെള്ളത്താൽ ചുറ്റപ്പെട്ട്, ഭീകരമായ ഒരു അന്തരീക്ഷത്തിലായിരുന്നു ആ കുട്ടികൾ.
4.അതിനിടയിൽ ചില സാമൂഹ്യ വിരുദ്ധർ ഈ പ്രളയ ജലത്തിലൂടെ കഷ്ടപ്പെട്ട് ഹോസ്റ്റലിന് മുന്നിലെത്തി പെൺകുട്ടികളോട് അസഭ്യം പറയുകയും, തുണി പൊക്കി കാണിക്കുകയും ചെയ്യുന്നത് അദ്ദേഹം നേരിട്ട് കാണാനിടയായി.
5. ആ രാത്രി ,എല്ലാം കൊണ്ടും ,ആ പെൺകുട്ടികൾ ആ ഹോസ്റ്റലിൽ സുരക്ഷിതരല്ല എന്ന് കമാന്റോ തിരിച്ചറിഞ്ഞു. പൈലറ്റുമായി ചർച്ച ചെയ്തപ്പോൾ അവരെ എല്ലാവരേയും രക്ഷിക്കുന്നത് വരെ ഹെലികോപ്റ്ററിന് അവിടെ വട്ടമിട്ട് പറക്കാനുള്ള മതിയായ ഫ്യുവൽ ഇല്ല എന്ന് മനസ്സിലായി.കാരണം, മറ്റൊരു ദീർഘ നേര മിഷൻ കഴിഞ്ഞ് വരുന്ന വഴിയായിരുന്നു ഹെലികോപ്റ്റർ.
6. കമാന്റോ പെൺകുട്ടികൾക്ക് വാക്ക് കൊടുത്തു "ഞങ്ങൾ തിരിച്ച് വരും. ഭയപ്പെടാതെ ഇരിക്കണം."
7. "ഞങ്ങൾ തിരിച്ച് വരും " എന്ന് വ്യോമസേന കൊടുത്ത വാക്ക് പാലിക്കുവാൻ രാത്രിയിലെ ഈഓപറേഷന് പോയേ മതിയാകൂ. കഴിക്കുന്നതിനിടയിൽ കമാന്റോ പറഞ്ഞു നിർത്തി.

വെള്ളം തൊടാതെ വിഴുങ്ങിയ ഒരു ചോറുരുളയ്ക്കൊപ്പം മറുപടിയ്ക്കായുള്ള വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി.തിരിച്ച് മറുപടി പറയുവാൻ ഞാൻ വാക്കുകൾക്ക് വേണ്ടി പരതി.

ഞങ്ങളുടെ ഹെലികോപ്റ്റർ ഹോസ്റ്റലിന് മുകളിൽ എത്തിയപ്പോൾ ഇരുട്ടിയിരുന്നു. തുടർന്ന് കമാന്റോ ടെറസിൽ ഇറങ്ങി ഓരോരുത്തരെ ആയി ഹെലികോപ്റ്ററിലേയ്ക്ക് കയറ്റി വിട്ടു കൊണ്ടിരുന്നു. പൊടുന്നനെ അതിഭീകരമായ കാറ്റും മഴയും തുടങ്ങി.13 പേരെ രക്ഷപ്പെടുത്തിയപ്പോഴേക്കും ഇനി ഹെലികോപ്റ്ററിന് അവിടെ തുടരാനാകില്ല എന്ന അവസ്ഥയിൽ, ക്യാൻസർ രോഗി ആയ ഒരു കുട്ടി ഉൾപ്പെടെ ബാക്കി ഉള്ള പെൺകുട്ടികളെ ആ ഹോസ്റ്റലിൽ തനിച്ചാക്കി ഞങ്ങൾക്ക് മടങ്ങേണ്ടി വന്നു.

ഹെലികോപ്റ്ററിൽ ഇനിയും ഇവിടെ തുടരുന്നത് എല്ലാവരുടേയും ജീവന് ആപത്താണ്. ഹെലികോപ്റ്ററിൽ കയറും മുൻപ് കമാന്റോ കുട്ടികൾക്ക് വാക്ക് നൽകി,"നാളെ വെളുപ്പിനേ ഞങ്ങൾ തിരിച്ചെത്തും.ഭയപ്പെടാതിരിക്കുക".

അതേ സമയം ഹെലികോപ്റ്ററിൽ സുരക്ഷിതരായി എത്തിയ കുട്ടികൾ അലമുറയിടുന്നുണ്ടായിരുന്നു. തങ്ങളുടെ കൂട്ടുകാരികളെ അവിടെ വിട്ട് പോകേണ്ടി വന്നതിന്റെ വൈകാരിക പ്രക്ഷുബ്ദ്ധത താങ്ങുവാൻ ഉള്ള മനക്കരുത്തൊന്നും ആ കൊച്ചുപെൺകുട്ടികൾക്ക് ഇല്ലായിരുന്നു. ഞാൻ ഞങ്ങൾ ആരൊക്കെ ആണെന്ന് പരിചയപ്പെടുത്തി കുട്ടികളെ കംഫർട്ട് സോണിൽ എത്തിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു

ഞാൻ എന്നാലാകുന്നതൊക്കെ ചെയ്തിട്ടും കുട്ടികൾ കരച്ചിൽ നിർത്തുന്നില്ല. എന്ത് ചെയ്യും?സുരക്ഷിതനായി കേറി വന്ന് ,ഹെലികോപ്റ്ററിൽ തളർന്നിരിക്കുന്ന പ്രശാന്ത് സാറിനെ ഞാൻ നോക്കി. അദ്ദേഹത്തിന് കാര്യം പിടികിട്ടി. കമാന്റോ എഴുന്നേറ്റ് കുട്ടികളുടെ അടുത്തേക്ക് വന്നു .അലമുറയിട്ട് കരയുന്ന രണ്ട് പെൺകുട്ടികളുടെ കൈ പിടിച്ച് ഹെലികോപ്റ്ററിന്റെ ജനൽ പാളി തുറന്ന് ,അവരുടെ കൈകൾ ആ പെരുമഴയത്ത് പുറത്തേക്ക് ഇട്ടു. പെൺ കുട്ടികൾ ഭയന്നു പോയി. 

വൈകാരികതയ്ക്കപ്പുറം അപ്പോഴാണ് പെൺകുട്ടികൾ തങ്ങൾ ഉൾപ്പെടെ ഉള്ളവർ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നത്.ഇരുട്ട്, പെരുമഴ ആടി ഉലയുന്ന ഹെലികോപ്റ്റർ! പൊടുന്നനെ അവർ കരച്ചിൽ നിർത്തി. എല്ലാവർക്കും ഭക്ഷണവും വെള്ളവും നൽകിയതിനു ശേഷം കമാന്റോ അദ്ധേഹത്തിന്റെ സീറ്റിൽ ചെന്നിരുന്നു.ഞാൻ പെൺകുട്ടികളോടൊപ്പവും.

തീർത്തു വിസിബിലിറ്റി ഇല്ലാത്ത ആ പെരുമഴയത്ത് പൈലറ്റ് ഖണ്ടാൽകർ സാറിന്റെ അനുഭവസമ്പത്ത് മാത്രമായിരുന്നു ഞങ്ങളുടെ ധൈര്യം.രാത്രി 20:00 ഓടെ ഞങ്ങൾ ടെക്‌നിക്കൽ ഏരിയയിൽ സുരക്ഷിതരായി ലാന്റ് ചെയ്തു.കുട്ടികളെ സുരക്ഷിതരായി ജില്ലാഭരണകൂടത്തെ ഏൽപ്പിച്ചു.

പിറ്റേന്ന് വെളുപ്പിനുള്ള ആദ്യത്തെ സോർട്ടിയിൽ ഞങ്ങൾ എത്തുന്നതിന് മുമ്പേ, മാധ്യമങ്ങളിലൂടെ വിവരം ലഭിച്ച സംസ്ഥാന സർക്കാർ ആ രാത്രി തന്നെ ബാക്കി ഉള്ള പെൺകുട്ടികളെ ബോട്ടിൽ എത്തി രക്ഷപ്പെടുത്തിയിരുന്നു. എന്നിരുന്നാലും കമാന്റോ ടെറസിൽ ഇറങ്ങി ,താഴെ ഹോസ്റ്റലിൽ ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തി. ശേഷം ,അടുത്ത ഒരു മിഷന് വേണ്ടി ഞങ്ങളേയും വഹിച്ച് ഹെലികോപ്റ്റർ മറ്റൊരു ദിശയിലേക്ക് പറന്നു...

#ഓപ്പറേഷന്‍കരുണ


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം