കൊലപ്പെടുത്തിയ തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കെട്ടിവലിച്ച് സൈന്യം

By Web TeamFirst Published Sep 14, 2018, 6:37 PM IST
Highlights

ദക്ഷിണ പടിഞ്ഞാറന്‍ കാശ്മീരിലെ കാക്കരയല്‍ പ്രദേശത്തെ ദിത്രി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ നടത്തിയ ഓപ്പറേഷനിലാണ് സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചത്

ശ്രീനഗര്‍: കാശ്മീരില്‍ ശവശരീരം കെട്ടിവലിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ ചിത്രം വിവാദമാകുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ ശരീരം കാലില്‍  ചങ്ങലകള്‍ ബന്ധിപ്പിച്ച് ടാറിട്ട റോഡിലൂടെ വലിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് എത്തിയത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നതെന്ന് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദക്ഷിണ പടിഞ്ഞാറന്‍ കാശ്മീരിലെ കാക്കരയല്‍ പ്രദേശത്തെ ദിത്രി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ നടത്തിയ ഓപ്പറേഷനിലാണ് സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചത്. അതിന് ശേഷമാണ് ഇവരുടെ ശരീരം റോഡിലൂടെ വലിച്ചിഴച്ചത്. ജമ്മു ശ്രീനഗര്‍ ഹൈവേയിലെ  ജഹ്ഹാര്‍ കോട്ടിലയില്‍  ജമ്മു പോലീസും സൈന്യവും നടത്തിയ സംയുക്ത ദൌത്യത്തിനിടയില്‍ സൈന്യത്തിനെതിരെ വെടിവച്ച് കടന്നവരായിരുന്നു കൊല്ലപ്പെട്ട തീവ്രവാദികള്‍.

വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും ചിത്രം കാശ്മീരിലെ പ്രദേശിക മാധ്യമങ്ങളിലും, പിന്നീട് ദേശീയ മാധ്യമങ്ങളിലും എത്തിയതോടെയാണ് വിവാദമായത്. സംഭവത്തില്‍ ഇതുവരെ സൈന്യം ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

യൂണിവേഴ്സിറ്റി ഓഫ് കാശ്മീരിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകന്‍ ഹമീദ് നയ്യിം പറയുന്നു, തീര്‍ത്തും പ്രഫഷണലായ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഏറ്റവും മോശമായ പെരുമാറ്റമാണിത്. മൃതദേഹത്തിന് അതിന്‍റെ പരിഗണന നല്‍കണം.

2017 ഏപ്രില്‍ മാസത്തില്‍ കാശ്മീര്‍ സ്വദേശിയായ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടി കല്ലേറ് തടയാന്‍ ജീപ്പ് ഓടിച്ച സൈന്യത്തിലെ മേജറിന്‍റെ പ്രവര്‍ത്തി ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഈ പാശ്ചത്തലത്തില്‍ കൂടിയാണ് പുതിയ ചിത്രം ചര്‍ച്ചയാകുന്നത്. കാശ്മീര്‍ യുവാവിനെ ജീപ്പില്‍ കെട്ടി ഓടിച്ച മേജര്‍ക്ക് പിന്നീട് സൈന്യം അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

click me!