
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി കൊണ്ടു ഇന്ത്യൻ സ്കൂൾ ഭരണ സമിതി നടപടികൾ സ്വീകരിച്ചു. രാജ്യത്തെ വിദ്യാഭ്യാസനിയമം ലംഘിച്ചു സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സ്വകാര്യ ട്യൂഷനുകൾക്കു നിയന്ത്രണമേർപ്പെടുത്തി കൊണ്ടു ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതി രാജ്യത്തെ എല്ലാ ഇന്ത്യൻ സ്കൂളുകളിലെ പ്രധാനഅദ്ധ്യാപകർക്ക് രേഖാമൂലം നിർദേശം നൽകിയത്. സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിച്ചു വരുന്ന സ്കൂളുകളിലെ അധ്യാപകർ തങ്ങളുടെ സ്കൂളുകളിലെ അദ്ധ്യാപനത്തിനു പുറമെ സ്വകാര്യ ട്യൂഷനുകൾ നടത്തുന്നത് സിബിഎസ്.സിയുടെ 39-ആം വകുപ്പ് അനുസരിച്ചു നിയമവിരുദ്ധമാണ്.
കൂടാതെ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും സ്വകാര്യട്യൂഷനുകൾ നിയമവിരുദ്ധമായി കണക്കാക്കിയിട്ടുണ്ടെന്നും പ്രധാനഅദ്ധ്യാപകർക്ക് സ്കൂൾ ഭരണസമിതി നൽകിയനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കിൻഡർ ഗാർഡൻ ക്‌ളാസ്സുകൾ മുതൽ പന്ത്രണ്ടാം തരം ക്ലാസ്സുകൾ വരെ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകർക്ക് പുറമെ സംഗീതം,കായികം, ചിത്രരചന,നൃത്തം എന്നി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ഈ നിയന്ത്രണം കർശനമായും ബാധകമാണ്.
ഇന്ത്യൻസ്കൂൾ ഭരണ സമിതിയുടെ നിർദേശങ്ങൾ പാലിക്കാത്ത അധ്യാപകർക്കെതിരെ കർശനനിയമനടപടികൾ ഉണ്ടാകുമെന്നു വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു. താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടന്നു വരുന്ന സ്വകാര്യ ട്യൂഷന്‍ ക്‌ളാസ്സുകൾക്കു ഒമാൻ തൊഴിൽ മന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും ഈവർഷമാദ്യം മുതൽക്കു തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam