
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുതന്നെ ആയിരിക്കും വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ. ബാലറ്റ് പേപ്പർ യുഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. രണ്ട് പതിറ്റാണ്ടിലധികമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുകയാണ്. പോളിംഗിന്‍റേയും വോട്ടെണ്ണലിന്‍റേയും കാലതാമസം ഒഴിവാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും ഉതകുന്നത് വോട്ടിംഗ് യന്ത്രം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലണ്ടനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കൻ ഹാക്കറായ സയിദ് ഷൂജ താൻ ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വോട്ടിഗ് യന്ത്രം തിരിമറി ആരോപണം വീണ്ടും വാർത്തയായത്. തുടർന്ന് ഈ വിവാദം കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോരായി മാറി. എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ പേപ്പർ ബാലറ്റിലേക്ക് മടങ്ങണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ സയിദ് ഷൂജക്കെതിരെ കേസെടുത്ത് അന്വേഷിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം ഇനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പും പലവട്ടം വ്യക്തമാക്കിയതാണ്. ഇപ്പോഴത്തേത് വസ്തുതാവിരുദ്ധമായ ആരോപണം ആണെന്നും ഇത് കണക്കിലെടുക്കുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam