തലപ്പത്ത് അഴിച്ചുപണി; സിബിഐ ഡയറക്ടറെ ഇന്നറിയാം

By Web TeamFirst Published Jan 24, 2019, 9:42 AM IST
Highlights

സിബിഐയുടെ പുതിയ ഡയറക്ടറെ തീരുമാനിക്കാനായി സെലക്ഷൻ സമിതി ഇന്ന് ദില്ലിയിൽ യോഗം ചേരും. പ്രധാനമന്ത്രിയുടെ വസതിയിലാകും യോഗം. 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറായതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ദില്ലി: സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ സമിതി ഇന്ന് ദില്ലിയിൽ യോഗം ചേരും. പ്രധാനമന്ത്രിയുടെ വസതിയിലാകും യോഗം. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറായതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ എം നാഗേശ്വർ റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹ‍ർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അലോക് വര്‍മയെ സിബിഐ തലപ്പത്ത് നിന്നും മാറ്റി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് അംഗങ്ങള്‍. 1982-85 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് 12 പേരടങ്ങിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

സിനിയോറിറ്റി, പരിചയസമ്പത്ത്, അഴിമതി വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്തതിലെ പ്രാവിണ്യം, സിബിഐയിലും സമാനമായ ചുമതലകള്‍ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ, സിഐഎസ്എഫ് ഡിജി രാജേശ് രഞ്ജന്‍, ബിഎസ്എഫ് ഡയറക്ടര്‍ രജനികാന്ത് മിശ്ര, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി.മോദി എന്നിവരാണ് പരിഗണനയിലുള്ള പ്രമുഖര്‍. 

അലോക് വര്‍മ്മയ്ക്ക് പകരം ഇപ്പോള്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്‍റെ കാലാവധി ജനുവരി 31 വരെയാണ്. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും.ജനുവരി 10 നാണ് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. സുപ്രീംകോടതി വിധിയുടെ ബലത്തില്‍ വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസിന്‍റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ തീരുമാനത്തോട് വിയോജിച്ചിരുന്നു. 

click me!