ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ: പിന്നില്‍ ക്ഷേത്ര ഗോപുര നിർമ്മാണത്തെ ചൊല്ലിയുളള തർക്കമെന്ന് സംശയം

By Web TeamFirst Published Dec 15, 2018, 10:21 AM IST
Highlights

കർണാടക ചാമരാജനഗറിലെ ഭക്ഷ്യവിഷബാധയിൽ അന്വേഷണം ഊർജിതം. കസ്റ്റഡിയിലെടുത്ത ക്ഷേത്രം ജീവനക്കാരെ ചോദ്യം ചെയ്യുന്നു. കൃത്യത്തിന് പിന്നിൽ ക്ഷേത്ര ഗോപുര നിർമ്മാണത്തെ ചൊല്ലിയുണ്ടായ തർക്കമെന്ന് സംശയം. 

ബംഗളൂരു: കർണാടകത്തിൽ‌ ചാമരാജന​ഗറിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 11 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭക്ഷണത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി എന്നാണ് പ്രാഥമിക നിഗമനം. 

പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതാണോ കാരണം എന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം, 11 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്. മൈസൂരു, കൊല്ലഗാൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ 14 പേർ വെന്‍റിലേറ്ററിൽ തുടരുകയാണ്. മൈസൂരുവിൽ ക്യാമ്പ് ചെയ്യുകയാണ് മുഖ്യമന്ത്രി കുമാരസ്വാമി.

ഇന്നലെ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത് പ്രസാദം കഴിച്ചവരില്‍ പലരും അവശനിലയിലായി. ഇന്നലെ അമ്പലത്തില്‍ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്. പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. 

click me!