
കാണ്‍പൂര്‍: ആത്മഹത്യ ചെയ്യാന്‍ എലിവിഷം കഴിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സുരേന്ദ്ര കുമാറിന്റെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ തുടരുന്ന സുരേന്ദ്ര കുമാറിന്റെ ആരോഗ്യനിലയെക്കുറിച്ച് അടുത്ത 36 മണിക്കൂര്‍ നേരത്തേക്ക് ഒന്നും പറയാനാകില്ലെന്നാണ് കാണ്‍പൂര്‍ അഡീഷണല്‍ ഡിജിപി അവിനാഷ് ചന്ദ്ര അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് സുരേന്ദ്ര കുമാറിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കടലാസില്‍ എഴുതിയ ആത്മഹത്യാ കുറിപ്പും സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യാന്‍ നേരത്തേ തീരുമാനിച്ചതായി കണ്ടെത്തിയത്.
ഏതാനും നാളുകളായി സുരേന്ദ്ര കുമാര്‍ കടുത്ത നിരാശയിലായിരുന്നുവെന്നും തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുരേന്ദ്ര കുമാറിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചതോടെയാണ് ആത്മഹത്യക്കുള്ള മാര്‍ഗങ്ങള്‍ ഗൂഗിളിലൂടെ അന്വേഷിച്ച വിവരം പുറത്തറിയുന്നത്. ലാപ്‌ടോപ്പിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ 'എങ്ങനെ ജീവിതം അവസാനിപ്പിക്കാം' എന്ന് സുരേന്ദ്ര കുമാര്‍ പല തവണ സെര്‍ച്ച് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണ് എലിവിഷം കഴിക്കാമെന്ന തീരുമാനത്തിലെത്തിയതെന്നും സൂചനയുണ്ട്.
ഇതിനിടെ ഭാര്യയുമായി വഴക്കുണ്ടായത് ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നുണ്ട്. എന്നാല്‍ ഭാര്യയും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി സുരേന്ദ്ര കുമാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടുപ്പത്തില്‍ അല്ലായിരുന്നുവെന്നും പൊലീസ് അറിയിക്കുന്നു.
സുരേന്ദ്ര കുമാറിന് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താനായി മുംബൈയില്‍ നിന്ന് ഡോക്ടര്‍മാരുടെ ഒരു സംഘം കാണ്‍പൂരിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും ഒന്നും പറയാറായിട്ടില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam