
ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഐപിഎസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാൺപൂർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര കുമാർ ദാസ് ആണ് തന്റെ ഔദ്യോഗിക വസതിയിൽ വച്ച് വിഷം കഴിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സുരേന്ദ്രകുമാർ ദാസിനെ ഹോസ്പിറ്റലിലെത്തിച്ചത്. അദ്ദേഹത്തിന്റെ നില വളരെ ഗുരുതരാവസ്ഥയിലാണെന്ന് കാൺപൂർ റീജൻസി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചു.
പുലർച്ചെ ആറ് മണിക്കാണ് അദ്ദേഹത്തെ ഹോസ്പിറ്റലിലെത്തിക്കുന്നത്. ആ സമയത്ത് തന്നെ സ്ഥിതി വളരെ മോശമായിരുന്നെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു. രക്തസമ്മർദ്ദം വളരെ താഴേയ്ക്ക് പോയ അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് ജീവൻ തിരിച്ചുപിടിക്കാനുള്ള ചികിത്സാമാർഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഈസ്റ്റ് കാൺപൂരിലെ പൊലീസ് സൂപ്രണ്ടാണ് മുപ്പതുകാരനായ സുരേന്ദ്രകുമാർ ദാസ്.
ആത്മഹത്യാക്കുറിപ്പുകളൊന്നും അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നാണ് സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. കുടുംബപ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. കീടനാശിനിയായി ഉപയോഗിക്കുന്ന വിഷമാണ് സുരേന്ദ്ര ദാസ് കഴിച്ചിരിക്കുന്നതെന്ന് ഡോക്ടർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam