പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാനും: 'ടെഹ്റാനിലെ ഭീകരാക്രമണത്തിന് കനത്ത വില നൽകേണ്ടി വരും'

By Web TeamFirst Published Feb 17, 2019, 11:51 AM IST
Highlights

ഭീകരവാദ ഗ്രൂപ്പുകൾക്ക് സംരക്ഷണം നൽകുന്നതിൽ ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാന് താക്കീതുമായി ഇറാനും. ടെഹ്‍റാനിലെ ഭീകരാക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. 

ടെഹ്‍റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന ചാവേറാക്രമണത്തിൽ 27 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാന് താക്കീതുമായി ഇറാൻ സർക്കാർ. പാകിസ്ഥാൻ സംരക്ഷണം നൽകുന്ന ജയ്ഷ് അൽ ആദ്ൽ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന് ഇറാന്‍റെ മുന്നറിയിപ്പ്.

''തീവ്രവാദഗ്രൂപ്പുകൾക്ക് സംരക്ഷണം നൽകുന്ന പാക് സർ‍ക്കാർ ഈ ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരും. ആ വില തീർച്ചയായും ശക്തമായ തിരിച്ചടിയാകും.'' ഇറാൻ സേനാമേധാവി മേജർ ജനറൽ മുഹമ്മദ് അലി ജഫാരി മുന്നറിയിപ്പ് നൽകി. 

''ഇത്തരം ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഇറാൻ സംയമനം പാലിക്കില്ല. ആക്രമണത്തിന് ആക്രമണമാണ് മറുപടി.'' സേനാമേധാവി വ്യക്തമാക്കി. ഇറാൻ നഗരമായ ഇസ്‍ഫഹാനിൽ, കൊല്ലപ്പെട്ട 27 സുരക്ഷാ ഉദ്യോഗസ്ഥർക്ക് അന്തിമോപചാരമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മേജർ ജനറൽ മുഹമ്മദ് അലി ജഫാരി.

ഇറാന്‍റെ പ്രധാന എതിരാളിയായ സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പാകിസ്ഥാൻ സന്ദ‌ർശിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാൻ സൈന്യത്തിന്‍റെ മുന്നറിയിപ്പ് വരുന്നത്. 

ആക്രമണത്തിന് പിന്നിൽ ചാരപ്പണി നടത്തുന്ന അയൽക്കാരുടെ ഏജൻസികളാണെന്ന് നേരത്തേ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമൈനിയും വ്യക്തമാക്കിയിരുന്നു.

ആക്രമണം നടത്തിയ ഭീകരസംഘടനയ്ക്ക് വെള്ളവും വളവും കൊടുത്ത് വളർത്തിയത് പാകിസ്ഥാനാണെന്ന് ഇറാൻ നേരത്തേ ആരോപിച്ചിരുന്നു. 

സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തവർ ''പ്രതികാരം വേണ''മെന്ന മുദ്രാവാക്യവും മുഴക്കി. 

കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാൻ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സിസ്ഥാൻ - ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ചാവേറാക്രമണത്തിൽ 27 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. 

പുൽവാമ ഭീകരാക്രമണം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെയാണ് ഇറാനിലും ആക്രമണം നടന്നത്.  

click me!