സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടും കൊറിയൻ ഡ്രോണും എഐ ഉച്ചകോടിയിൽ അവതരിപ്പിച്ചതിൽ തെറ്റ് സമ്മതിച്ച് ഗല്‍ഗോത്തിയാസ് സര്‍വകലാശാല.മാധ്യമങ്ങളോട് പ്രതികരിച്ച പ്രൊഫസര്‍ക്ക് വിഷയത്തിൽ വേണ്ടത്ര അറിവുണ്ടായിരുന്നില്ലെന്നും വിശദീകരണം

ദില്ലി: സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടും കൊറിയൻ ഡ്രോണും എഐ ഉച്ചകോടിയിൽ അവതരിപ്പിച്ചതിൽ തെറ്റ് സമ്മതിച്ച് ഗല്‍ഗോത്തിയാസ് സര്‍വകലാശാല. മാധ്യമങ്ങളോട് പ്രതികരിച്ച പ്രൊഫസര്‍ക്ക് വിഷയത്തിൽ വേണ്ടത്ര അറിവുണ്ടായിരുന്നില്ലെന്നും തെറ്റായ വിവരം നൽകിയെന്നും ഇക്കാര്യത്തിൽ ക്ഷാമപണം നടത്തുകയാണെന്നും ഗല്‍ഗോത്തിയാസ് സര്‍വകലാശാല രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാൻ മനപ്പൂര്‍വം ഉദ്ദേശിച്ചിട്ടില്ലെന്നും സര്‍വകലാശാലയുടെ അക്കാദമിക് സത്യസന്ധതയും സുതാര്യതയും കാത്തുസൂക്ഷിക്കുമെന്നും അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഉച്ചകോടിയിലെ സ്റ്റാള്‍ ഒഴിഞ്ഞെന്നും വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

ഗല്‍ഗോത്തിയാസ് സര്‍വകലാശാലെ എഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി വാര്‍ത്താക്കുറിപ്പിറക്കിയത്. നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ സർവകലാശാലയായ ​ഗൽ​ഗോത്തിയാസിന്‍റെ പ്രവർത്തനങ്ങളാണ് വലിയ നാണക്കേടായത്. എഐ ഇംപാക്ട് എക്സ്പോയിൽ കോടികൾ മുടക്കി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ടാണ് സർവകലാശാല ചൈനീസ് നി‌ർമ്മിത റോബോട്ടും കൊറിയൻ നിർമ്മിത ഡ്രോണും അവതരിപ്പിച്ചത്. വിവിധ മാധ്യമങ്ങൾക്ക് ഇത് സംബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും അഭിമുഖവും നൽകി. 

സർവകലാശാലയുടെ എഐ മേഖലയിൽ 350 കോടി വരെ മുടക്കിയിട്ടുണ്ടെന്നും, ഓറിയോൺ എന്നാണ് റോബോട്ടിന്‍റെ പേരെന്നും വരെ ഒരു പ്രൊഫസർ മാധ്യമങ്ങളോട് പറഞ്ഞു. റൊബോട്ടിന്‍റെ ചിത്രങ്ങൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിന്നാലെ ചൈനീസ് മാധ്യമങ്ങൾ കള്ളി പൊളിച്ചു. യൂണിട്രീ എന്ന ചൈനീസ് കമ്പനിയുടെ ​ഗോ 2 മോഡൽ റോബോ ഡോ​ഗിനെ രണ്ടരലക്ഷം രൂപ നൽകി സർവകലാശാല വാങ്ങിയതാണെന്ന് വ്യക്തമായി. കൊറിയൻ കമ്പനിയായ സ്കൈബോളിന്‍റെ ഡ്രോൺ അരലക്ഷം രൂപയ്ക്ക് വിപണിയിലുണ്ട്. ഇതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും യഥാർത്ഥ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് പകരം വെറും പിആർ ആയി ഉച്ചകോടി മാറിയെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു.

തുടർന്നാണ് സർവകലാശാലയോട് ഉടൻ എഐ ഉച്ചകോടിയുടെ പ്രദർശന സ്റ്റാൾ ഒഴിയാൻ അധികൃതർ നിർദേശിച്ചത്. ഉച്ചയോടെ സർവകലാശാല സ്റ്റാൾ ഒഴിഞ്ഞു. റോബോട്ടിനെ പുകഴ്ത്തിയുള്ള ട്വീറ്റ് കേന്ദ്രമന്ത്രി ഡിലീറ്റും ചെയ്തു.ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായി പാസ് നൽകാത്തതു മുതൽ നിയന്ത്രണാതീതമായ തിരക്കും എക്സിബിഷൻ സ്റ്റാളുകളിലെ എഐ ഉപകരണങ്ങൾ മോഷണം പോയതും വരെയുള്ള പാളിച്ചയിൽ കേന്ദ്രസർക്കാർ വലിയ വിമർശനം നേരിടുന്നുണ്ട് പാളിച്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

എഐ എക്സ്പോ ഒരു ദിവസം കൂടി നീട്ടി

അതേസമയം, വമ്പിച്ച ജനത്തിരക്ക് കണക്കിലെടുത്ത് എഐ എക്സ്പോ ഒരു ദിവസം കൂടി നീട്ടി. വെള്ളിയാഴ്ച വരെ നിശ്ചയിച്ചിരുന്ന എക്സ്പോ ശനിയാഴ്ച കൂടി നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ രാത്രി എട്ട് മണിവരെ എക്സ്പോ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ വൈകിട് ആറു മണിവരെയായിരുന്നു എക്സ്പോ. നാളെയാണ് ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ പ്ലീനറി സെഷൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുക. നാളെ പൊതുജനങ്ങൾക്ക് എക്സ്പോയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾക്ക് പ്രധാനമന്ത്രി ഇന്ന് അത്താഴവിരുന്ന് നൽകും.

YouTube video player