ബുലന്ദ്ഷഹര്‍ കലാപം; ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ വികാരം ആളികത്തിക്കാനുള്ള ആസൂത്രിത നീക്കമോ?

By Web TeamFirst Published Dec 4, 2018, 7:40 PM IST
Highlights

യോഗി ആദിത്യനാഥിന്‍റെ നിലപാടുകളെ ചോദ്യം ചെയ്യുകയാണ് സുബോധ് കുമാർ സിംഗിന്‍റെ സഹോദരി. പശുക്കളെ കുറിച്ച് മാത്രം സംസാരിക്കുന്ന ആദിത്യനാഥ് ഈ കൊലപാതകത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് കുടുംബം ചോദിക്കുന്നു. 
 

ലക്നൗ: ഉത്തർപ്രദേശിൽ വീണ്ടും വർഗ്ഗീയ വികാരം ആളികത്തിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ തെളിവാകുകയാണ് ബുലന്ദ്ഷഹറിലെ അക്രമം. ഇൻസ്പെക്ടർ സുബോധ് കുമാര്‍ സിംഗിന്‍റെ സഹോദരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ചു.

യോഗി ആദിത്യനാഥിന്‍റെ നിലപാടുകളെ ചോദ്യം ചെയ്യുകയാണ് സുബോധ് കുമാർ സിംഗിന്‍റെ സഹോദരി. പശുക്കളെ കുറിച്ച് മാത്രം സംസാരിക്കുന്ന ആദിത്യനാഥ് ഈ കൊലപാതകത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് കുടുംബം ചോദിക്കുന്നു. 

അഖ്‍ലാഖ് വധക്കേസിൽ 18 പേരെ പ്രതിചേർത്ത് കുറ്റപത്രം നല്‍കിയ ഇൻസ്പെക്ടറെ മാത്രം ജനക്കൂട്ടം തെരഞ്ഞെ് പിടിച്ച് വെടിവച്ച് കൊന്നത് ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു വിഭാഗത്തിന്‍റെ മതാഘോഷം 40 കിലോമീറ്റർ അകലെയാണ് നടന്നത്. എന്നാൽ ചത്ത പശുക്കളുടെ അവശിഷ്ടം അക്രമം നടന്നിടത്ത് എത്തിയത് ദുരൂഹമാണ്. 

തോക്കുൾപ്പടെയുള്ള ആയുധങ്ങൾ അക്രമികളുടെ കൈയ്യിലുണ്ടായിരുന്നു. സ്വന്തം ഇൻസ്പെക്ടറെ ജനക്കൂട്ടം അക്രമിച്ചപ്പോഴും മറ്റു പൊലീസുകാര്‍ രക്ഷിക്കാൻ ശ്രമിക്കാതെ പലായനം ചെയ്തു. രാജസ്ഥാനിൽ പ്രചരണം നാളെ അവസാനിക്കാനിരിക്കെയാണ് ഉത്തർപ്രദേശ് വീണ്ടും കത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്രനിലപാടുമായി പ്രചരണ രംഗത്തുണ്ട്.

ആർ എസ് എസും വി എച്ച് പി യുമാണ് അക്രമത്തിനു പിന്നിലെന്ന് സഖ്യകക്ഷിയുടെ മന്ത്രിയായ ഓംപ്രകാശ് രാജ്ബർ ആരോപിച്ചത് ആദിത്യനാഥിന് തലവേദനയായി. ആൾക്കൂട്ട ആക്രമണം തടയാനുള്ള കോടതി നിർദ്ദേശത്തിലും കാര്യമായ പുരോഗതിയില്ലെന്ന് ബുലന്ദ്ഷഹർ തെളിയിക്കുന്നു. 


 

click me!