Latest Videos

ബുലന്ദ്ഷഹർ കലാപം; പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം ആസൂത്രിതമെന്ന് നിര്‍ണ്ണായക സൂചനകള്‍

By Web TeamFirst Published Dec 4, 2018, 7:22 PM IST
Highlights

പൊലീസ് ഇന്‍സ്പക്ടര്‍ സുബോധ് കുമാര്‍ ഉള്‍പ്പടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് എഫ്ഐആറുകളിലായി 27 പേര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.

ലക്നൗ: അഖ്‍ലാഖ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പോലീസ് ഇൻസ്‍പെക്ടറെ കൊന്ന സംഭവം ആസൂത്രിതമെന്ന സൂചനകളുമായി ആംബുലൻസ് ഡ്രൈവറുടെയും ബന്ധുക്കളുടെയും മൊഴികൾ. തലയ്ക്ക് വെടിയേറ്റ സുബോധ് കുമാറിനെ ആശുപത്രിയിലെത്തിക്കാൻ ജനക്കൂട്ടം അനുവദിച്ചില്ലെന്ന് ഡ്രൈവർ മൊഴി നല്‍കി. അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചു. കേസിൽ രണ്ട് ബജ്രംഗ്ദൾ നേതാവ് ഉൾപ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു.

പൊലീസ് ഇന്‍സ്പക്ടര്‍ സുബോധ് കുമാര്‍ ഉള്‍പ്പടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് എഫ്ഐആറുകളിലായി 27 പേര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ മുഖ്യപ്രതി ബജ്രംഗ് ദൾ പ്രവർത്തകൻ യോഗേഷ് രാജിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. പശുക്കളെ കൊന്നെന്ന അഭ്യൂഹത്തിൻറെ പേരിൽ അക്രമം തുടങ്ങുന്നതിന് മുമ്പ് മുഖ്യപ്രതി യോഗേഷ് പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയത് ഗൂഢാലോചനയുണ്ടെന്ന സംശയം കൂട്ടുന്നു.

മറ്റ് പൊലീസുകാര്‍ സുബോധിനെ രക്ഷിക്കാതെ സ്ഥലം വിട്ടെന്നാണ് റിപ്പോർട്ട്. സുബോധിൻറെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് ആരോപിച്ച കുടുബം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി സുബോധിന് നീതി ലഭിക്കുമെന്ന ഉറപ്പ് നല്‍കണം എന്നാവശ്യപ്പെട്ടു.  സംഘർഷാവസ്ഥ തുടരുന്നതിനാൽ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ ബുലന്ദ്ഷഹറിൽ നിയോഗിച്ചു. ആറ് ടീമുകളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം. 

2015ല്‍ ഉത്തർപ്രദേശിലെ ദാദ്രിയില്‍ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സുബോധ്. ആദ്യഘട്ടത്തിൽ കല്ലേറിനെ തുടർന്നുണ്ടായ പരിക്കാണ് സുബോധിന്‍റെ മരണത്തിൽ കലാശിച്ചതെന്നായിരുന്നു നി​ഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ പൊലീസ് വാഹനത്തില്‍നിന്ന് വീഴുന്ന മൊബൈല്‍ ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 19 മണിയോടുകൂടിയാണ് പശു മാസം കണ്ടെത്തിയെന്നാരോപിച്ച് ആൾക്കൂട്ടം തടിച്ചു കൂടുകയും പ്രധാന പാത ഉപരോധിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ ആൾക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ആൾക്കൂട്ടത്തെ ചെറുക്കുന്നതിൽ പ്രതിഷേധിച്ച് ആൾക്കൂട്ടം പൊലീസിന് നേരെ കല്ലെറിയുകും വാഹനങ്ങൾ തീയിടുകയുമായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വലിയ സംഘർഷമായിരുന്നു മേഖലയിൽ ഉണ്ടായത്. സംഘർഷത്തിൽ സുബോധ് കുമാർ സിങ്ങിനെ കൂടാതെ ഇരുപതുകാരനായ യുവാവും കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് സ്ഥിതി​ഗതികൾ ശാന്തമാണ്. വലി‌യ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്ന്യസിച്ചിരിക്കുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.    
 

click me!