വിവാഹം കഴിഞ്ഞ് ഇഷ അംബാനിയും ആനന്ദ് പിരാമലും പോകുന്നത് 450 കോടിയുടെ ബംഗ്ലാവിലേക്ക്

By Web TeamFirst Published Dec 10, 2018, 11:16 AM IST
Highlights

ഡിസംബർ 12ന് മുംബൈയില്‍ നടക്കുന്ന വിവാഹം കഴിഞ്ഞ് മുംബൈയില്‍ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക

മുംബൈ: രാജ്യം കാത്തിരിക്കുന്ന വിവാഹമാമാങ്കമാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. വിവാഹ ആഘോഷങ്ങൾ രാജസ്ഥാനിലെ ഉദയ്പൂരിൽ തുടങ്ങി കഴിഞ്ഞു.  ഡിസംബർ 12ന് മുംബൈയില്‍ നടക്കുന്ന വിവാഹം കഴിഞ്ഞ് മുംബൈയില്‍ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക. അഞ്ച് നിലകളും കടലിനെ അഭിമുഖീകരിക്കുന്നതാണ് ഈ വീട്. 

ഹിന്ദുസ്ഥാന്‍ യൂണീലിവറില്‍ നിന്ന് 450 കോടി രൂപയ്ക്ക് 2012ലാണ് അജയ് പിരാമല്‍ ഈ വീട് സ്വന്തമാക്കിയത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമെടുത്ത് പുതുക്കിപ്പണിയുകയായിരുന്നു. അതിനും ചെലവഴിച്ചത് കോടികള്‍. മുകേഷ് അംബാനിയുടെ 14,000 കോടി രൂപയുടെ ആന്‍റില എന്ന ബംഗ്ലാവിലാണ് ഇഷ ഇതുവരെ താമസിച്ചിരുന്നത്. 

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനി. ഫോബ്സിന്‍റെ ഈ വര്‍ഷത്തെ സമ്പന്ന പട്ടിക അനുസരിച്ച് 4730 കോടി ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. അതായത് 3.31 ലക്ഷം കോടി രൂപ. ഇന്ത്യക്കാരായ സമ്പന്നരില്‍ 24ാം സ്ഥാനത്താണ് അജയ് പിരാമല്‍. ഫാര്‍മ രംഗത്ത് പ്രവര്‍ത്തിക്കുന്ന പിരാമല്‍ എന്‍റര്‍പ്രൈസസിന്‍റെ ചെയര്‍മാനായ അദ്ദേഹത്തിന്‍റെ ആസ്തി 500 കോടി ഡോളറാണ്. അതായത്, 35,000 കോടി രൂപ. 

ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.


വിവാഹ ആഘോഷങ്ങൾ രാജസ്ഥാനില്‍ തുടങ്ങി കഴിഞ്ഞു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമായി വിശക്കുന്ന വയറുകൾക്ക് അന്നം നൽകിയാണ് മുകേഷ് അംബാനി തന്‍റെ മകളുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ‘അന്ന സേവ’ എന്ന പേരിലാണ് നിർദ്ധനർക്ക് ഭക്ഷണ വിതരണം നടത്തുന്നത്.

ഡിസംബർ ഏഴ് മുതൽ 10 വരെ നടക്കുന്ന അന്നദാനത്തിൽ  5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. അംബാനി കുടുംബാംഗങ്ങളും പിരമൽ കുടുംബവും ചേർന്നാണ് അന്ന സേവയിൽ ആളുകൾക്ക് ഭക്ഷണം വിളമ്പുന്നത്.

വിവാഹ ആഘോഷത്തോടനുബന്ധിച്ച് ‘സ്വദേശ് ബസാർ’ എന്ന പേരിൽ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ 108 പരമ്പരാഗത കരകൗശലവസ്തുക്കളും കലാരൂപങ്ങളും ഉണ്ടാവും. പാട്ടും നൃത്തവുമൊക്കെയായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. അതേസമയം, ജാഗ്വാര്‍, പോര്‍ഷേ, മെഴ്‌സിഡസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലോകത്തിലെ എല്ലാ ആഢംബര വാഹന നിര്‍മ്മാതാക്കളുടെയും മുന്തിയ ഇനം മോഡലുകളാണ് അതിഥികള്‍ക്കായി അണിനിരക്കുന്നത്.  

ലോകത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന വിവാഹത്തിനായി  ഉദയ്‍പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നത് 200 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സാധാരണയായി ഉദയ്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 19 സര്‍വീസുകളാണുള്ളത്. എന്നാൽ, വിവാഹത്തോടനുബന്ധിച്ച് അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ വിമാനസര്‍വീസുകള്‍ നടത്തുമെന്നാണ് റിപ്പോർട്ടുകള്‍.

click me!