
മുംബൈ: മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകളുടെ ഭാഗമായി രാജസ്ഥാനിലെ ഉദയ്പുര്‍ മഹാറാണാ പ്രതാപ് വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കുന്നത് 200 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. വിവിധ മേഖലകളിൽ നിന്ന് എത്തിച്ചേരുന്ന അതിഥികൾക്കായാണ് അംബാനി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 12നാണ് അംബാനി പുത്രി ഇഷയും ആനന്ദ് പിരമലും തമ്മിലുള്ള വിവാഹം.
ഉദയ്പുര്‍ വിമാനത്താവളത്തില്‍ നിന്ന് സാധാരണയായി 19 സര്‍വീസുകളാണുള്ളത്. എന്നാൽ വിവാഹത്തോടനുബന്ധിച്ച് അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബര്‍ ഏഴിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉദയ്പുര്‍ വിമാനത്താവളത്തിലെ തിരക്ക് താരതമ്യേന ഉയർന്നിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും. അതിന്റെ ഭാഗമായി രാജസ്ഥാനത്തിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടല്‍മുറികളും മുമ്പ് തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞു. വിവാഹത്തിന്റെ ആഡംബരത്തിനൊപ്പം തന്നെ അതിഥികള്‍ക്കുള്ള സൗകര്യങ്ങളും മികച്ച രീതിയിൽ തന്നെ ഒരുക്കണമെന്നാണ് അംബാനി കുടുംബത്തിന്റെ ആഗ്രഹം. അതുകൊണ്ട് അതിഥികളെ വേദിയിൽ എത്തിക്കുന്നതിനായി ജാഗ്വാര്‍, പോര്‍ഷേ, മെഴ്‌സിഡസ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബരക്കാറുകളും ഒരുക്കിട്ടുണ്ട്.
ഉദയ്പുരിൽ ഡിസംബര്‍ എട്ട്,ഒമ്പത് തീയതികളില്‍ നടക്കുന്ന ആഘോഷച്ചടങ്ങുകൾക്ക് ശേഷം ഇരുവരുടെയും കുടുംബം വിവാഹത്തിനായി മുംബൈയിലേക്ക് പോകും. കഴിഞ്ഞാഴ്ച സിനിമാതാരം പ്രിയങ്ക ചോപ്ര- അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസ് എന്നിവരുടെ വിവാഹം രാജസ്ഥാനിലെ ജോധ്പൂരിലാണ് നടന്നത്. ഈ വിവാഹച്ചടങ്ങുകളില്‍ അംബാനി കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam