Latest Videos

ഭീകരവാദത്തെ ചെറുത്തുനിൽക്കാൻ ഉപാധികളില്ലാതെ ഇന്ത്യയെ സഹായിക്കും; ഇസ്രായേൽ

By Web TeamFirst Published Feb 19, 2019, 8:27 PM IST
Highlights

'ഭീകരവാദം എന്നത്  ഇന്ത്യയും ഇസ്രായേലും മാത്രമല്ല ലോകം മുഴുവനും ‌നേരിടുന്നൊരു വിപത്താണ്. ആ ഭീകരവാദത്തെ ചെറുത്തു നിൽക്കുന്നതിനുവേണ്ടി ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കും'- റോണ്‍ മാല്‍ക്ക പറഞ്ഞു.

ദില്ലി: ഭീകരവാദത്തെ ചെറുത്തുനിൽക്കാൻ ഉപാധികളില്ലാതെ ഇന്ത്യയ്ക്ക് പിന്തുണ വാ​ഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്രായേൽ. പുതുതായി നിയമിതനായ ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി ഡോക്ടർ റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനംചെയ്തുകൊണ്ട് രം​ഗത്തെത്തിയത്. വാർത്താ ഏജൻസിയായ പിറ്റിഐ സംഘടിപ്പിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭീകരവാദം എന്നത്  ഇന്ത്യയും ഇസ്രായേലും മാത്രമല്ല ലോകം മുഴുവനും ‌നേരിടുന്നൊരു വിപത്താണ്. ആ ഭീകരവാദത്തെ ചെറുത്തു നിൽക്കുന്നതിനുവേണ്ടി ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കും'- റോണ്‍ മാല്‍ക്ക പറഞ്ഞു. ഭീകരവാദത്തെ ചെറുത്തു നിൽക്കുന്നതിനുവേണ്ടി സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാന്‍ ഇസ്രായേൽ സന്നദ്ധരാണ്. കാരണം യഥാർത്ഥ സുഹൃത്തായ ഇന്ത്യയെ സഹായിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും മാല്‍ക്കെ കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും  കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തന്നോട് അറിയിച്ചുവെന്നും മാല്‍ക്കെ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. തങ്ങൾ ഇന്ത്യക്കൊപ്പം ഉണ്ടെന്നും, ഈ ക്രൂരകൃത്യത്തിനെതിരെ ഇന്ത്യന്‍ സുരക്ഷ സേനയ്ക്കും ജനങ്ങള്‍ക്കൊപ്പവും ഇസ്രയേല്‍ ഉറച്ചു നില്‍ക്കുന്നുവെന്നും  അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഭീകരാക്രണത്തിൽ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചുകൊണ്ട് മറ്റു രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

click me!