
ദില്ലി: കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ദില്ലിയിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ്സ്, എൻ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യൻ ഘടകത്തിന്‍റെ നേതൃത്വത്തിൽ ദില്ലിയിലെ സിപിഎം ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സംസ്ഥാനത്തെ അക്രമരാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സി പി എം നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു.
ഫെബ്രുവരി 17നാണ് പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ കൃപേഷും, ശരത് ലാൽ എന്ന ജോഷിയും കൊല്ലപ്പെട്ടത്. കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ പീതാമ്പരന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീതാമ്പരന്‍റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസർകോട് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും പീതാമ്പരനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നു എസ് പി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam